അറബിക്കടലിൽ അപകടത്തിൽപ്പെട്ട കപ്പൽ പൂർണമായും മുങ്ങി; ഇന്ധനം കടലിൽ വ്യാപിച്ചു: അതിവേഗം ഒഴുകുന്ന കണ്ടെയ്നറുകൾ കൊ‌ല്ലം, ആലപ്പുഴ തീരത്തേക്ക്?

അറബിക്കടലിൽ അപകടത്തിൽപ്പെട്ട ചരക്കു കപ്പൽ എംഎസ്‌സി എൽസ 3 പൂർണമായും മുങ്ങി. കപ്പലിന്റെ ഇന്ധനം കടലിൽ ഏതാണ്ടു രണ്ടു നോട്ടിക്കൽ മൈൽ ചുറ്റളവിൽ വ്യാപിച്ചു എന്ന വിവരമാണു ലഭിക്കുന്നത്. എണ്ണപ്പാട നിയന്ത്രിക്കാനുള്ള സജ്ജീകരണങ്ങളുള്ള (പൊള്യൂഷൻ റെസ്പോൺസ് കോൺഫിഗുറേഷൻ) കോസ്റ്റ്ഗാർഡിന്റെ പട്രോൾ യാനം ഐസിജിഎസ് സക്ഷം ഇതിനുള്ള ഊർജിത ശ്രമത്തിലാണ്.

കോസ്റ്റ്ഗാർഡിന്റെ ഏറ്റവും വലിയ ഓഫ്ഷോർ പട്രോൾ യാനമായ ഐസിജിഎസ് സമർഥും കപ്പൽ മുങ്ങിയ സ്ഥലത്തേക്കു കുതിച്ചിട്ടുണ്ട്. കടലിൽ എണ്ണ കലരുന്നതു നിയന്ത്രിക്കാനുള്ള സംവിധാനം ഈ കപ്പലിലുമുണ്ട്. കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനവും നിരീക്ഷണത്തിനുണ്ട്.

എന്നാൽ കാലവർഷത്തെ തുടർന്നു പ്രക്ഷുബ്ധമായ കടലിൽ കണ്ടെയ്നറുകൾ അതിവേഗം ഒഴുകി നടക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണുള്ളത്. ഇതിനാൽ ഏറെ ജാഗ്രതയോടെയാണു കോസ്റ്റ്ഗാർഡിന്റെ പ്രവർത്തനങ്ങൾ. കരയിലേക്കു ശക്തമായ കാറ്റുള്ളതിനാൽ ഇവ തീരത്തടിഞ്ഞേക്കാമെന്നുള്ള മുന്നറിയിപ്പുണ്ട്. ഏറെ തിരക്കേറിയ രാജ്യാന്തര കപ്പൽച്ചാലിലൂടെ കടന്നുപോകേണ്ട എല്ലാ യാനങ്ങൾക്കും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

മുങ്ങിയ കപ്പലിലുണ്ടായിരുന്ന റഷ്യൻ ക്യാപ്റ്റൻ, ചീഫ് എൻജിനീയർ, എൻജിനീയർ എന്നിവരെ നാവികസേനയുടെ ഐഎൻഎസ് സുജാത എന്ന കപ്പലിലും മറ്റ് 21 ജീവനക്കാരെ കോസ്റ്റ് ഗാർഡിന്റെ ഐസിജിഎസ് അർൺവേഷ് എന്ന കപ്പലിലും കൊച്ചിയിലെത്തിച്ചു. ഇന്നലെ കടലിൽ വീണ കണ്ടെയ്നറുകൾ കൊ‌ല്ലം, ആലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. തിരുവനന്തപുരം തീരത്ത് എത്താൻ വിദൂര സാധ്യതയുണ്ട്. ഇന്ന് ഉച്ചയോടെ കണ്ടെയ്നറുകൾ തീരത്ത് അടുത്തേക്കും. കണ്ടെയ്നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. സൾഫർ കലർന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്.

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പൽ കൊച്ചി പുറങ്കടലിൽ അപകടത്തിൽപ്പെട്ടാണ് കണ്ടെയ്നറുകൾ കടലിൽ വീണത്. തീരത്തു നിന്നു 38 നോട്ടിക്കൽ മൈൽ (70.3 കിലോമീറ്റർ) തെക്കു പടിഞ്ഞാറായാണ് കപ്പൽ ചെരിഞ്ഞത്. കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.25ന് ആണ് കപ്പൽ 26 ഡിഗ്രി ചെരിഞ്ഞുവെന്നും കണ്ടെയ്നറുകളിൽ ചിലതു കടലിൽ വീണെന്നുമുള്ള സന്ദേശം തീരസേനയുടെ രക്ഷാകേന്ദ്രത്തിൽ ലഭിച്ചത്. തുടർന്ന്, പ്രതികൂല കാലാവസ്ഥയെ അവഗണിച്ചു തീരസേനയുടെ ഡോണിയർ വിമാനവും പട്രോൾ യാനങ്ങളായ ഐസിജിഎസ് അർണവേഷ്, ഐസിജിഎസ് സക്ഷം എന്നിവയും നാവികസേനയുടെ പട്രോൾ യാനമായ ഐഎൻഎസ് സുജാതയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു. ശക്തമായ കാറ്റിനെത്തുടർന്നാണ് അപകടമെന്നു കരുതുന്നു.

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പൽ കൊച്ചി പുറങ്കടലിൽ അപകടത്തിൽപ്പെട്ടാണ് കണ്ടെയ്നറുകൾ കടലിൽ വീണത്. തീരത്തു നിന്നു 38 നോട്ടിക്കൽ മൈൽ (70.3 കിലോമീറ്റർ) തെക്കു പടിഞ്ഞാറായാണ് കപ്പൽ ചെരിഞ്ഞത്. കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *