കോഴിക്കോട് : കനത്ത മഴയിലും കാറ്റിലും റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണ് കോഴിക്കോടു വഴിയുള്ള ട്രെയിൻ ഗതാഗതം നിലച്ചു. ഫറോക്കിനു സമീപം അരീക്കോടാണ് ട്രാക്കിലേക്ക് മരങ്ങൾ വീണത്. വീടിന്റെ മേൽക്കൂരയും പറന്ന് ട്രാക്കിലേക്ക് വീണു. റെയിൽവേ വൈദ്യുതി ലൈനും പൊട്ടിവീണിട്ടുണ്ട്. തിരുനെൽവേലി – ജാംനഗർ എക്സ്പ്രസ് എത്തുന്നതിനു തൊട്ടുമുമ്പാണ് മരങ്ങൾ വീണത്. നാട്ടുകാർ അപായ മുന്നറിയിപ്പ് നൽകിയതോടെ ട്രെയിൻ നിർത്തുകയായിരുന്നു. വൻദുരന്തമാണ് ഒഴിവായത്. ആലുവയിലും ഇരുഭാഗത്തേക്കുമുള്ള റെയിൽവേ ട്രാക്കിൽ മരംവീണു. അങ്കമാലി ഉൾപ്പെടെയുള്ള സമീപ സ്റ്റേഷനുകളിൽ എറണാകുളത്തേക്കുള്ള ട്രെയിൻ പിടിച്ചിട്ടിരിക്കുകയാണ്.

നേരത്തെ തിരുവല്ല – ചങ്ങനാശേരി പാതയിലും തൃശൂർ – ഗുരുവായൂർ പാതയിലും തിരുവനന്തപുരം – ഇടവ പാതയിലും മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. ഈ പാതകളിലെ എല്ലാ തടസ്സങ്ങളും നീക്കിയതായും ട്രെയിൻ ഗതാഗതം പുനരാരംഭിച്ചതായും അധികൃതർ പിന്നീട് അറിയിച്ചു.

