സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒരു മരണം കൂടി. കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട വീണ് പരുക്കേറ്റ യുവതി മരിച്ചു. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യ ശ്യാംമോനാണ് (34) മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ബസ് കയറാന്‍ എത്തിയ യുവതിയുടെ തലയിലേക്ക് മൂന്നാം നിലയിലെ കോണ്‍ക്രിറ്റ് കട്ട പതിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ആര്യയെ എത്തിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പിലേക്ക് പോയിരുന്നത് എന്നാല്‍ അപകടത്തില്‍ കുട്ടി പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
ആലപ്പുഴയിൽ യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ : ആലപ്പുഴയിൽ യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാർഡിൽ താമസിക്കുന്ന സുവിൻ സുരേന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പുരവഞ്ചിയിലെ ജീവനക്കാരനായിരുന്നു സുവിൻ. ബുധനാഴ്ച രാത്രി മഴയെ തുടർന്ന് ബോട്ടുജെട്ടിയുടെ തെക്കേക്കരയിലെ കടയുടെ വരാന്തയിൽ സുവിനെ പ്രദേശത്തുകാർ കണ്ടിരുന്നു. ഇന്നലെ രാവിലെ ഹനുമാൻ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തായി കനാൽത്തീരത്ത് പേഴ്സ്, ചെരുപ്പ്, മൊബൈൽ, വസ്ത്രം എന്നിവ പ്രദേശവാസികൾ കണ്ടതിനെ തുടർന്ന് കൗൺസിലറെ അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ പരിശോധനയിലാണ് കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

