മഴക്ക് നേരിയ ശമനം; നാല് ജില്ലകളില്‍ യെല്ലോ അലെർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദത്തിന്‍റെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി നേരിയ തോതിൽ കുറഞ്ഞു. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകളില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ആദ്യ തീവ്രമഴ ദിവസങ്ങൾ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

സംസ്ഥാനത്ത് 177 ദുരിതാശ്വാസ ക്യാമ്പുകളിലായി 2087 കുടുംബങ്ങളിലെ 6945 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും ഇതുവരെ 30 പേർക്കാണ് ജീവൻ നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *