സ്കൂട്ടറിൽ സഞ്ചരിക്കവേ വാക്കുതർക്കം; നടുറോഡിൽ ഭാര്യയെ കുത്തികൊലപ്പെടുത്തി ഭർത്താവ്

എറണാകുളം മുനമ്പം പള്ളിപ്പുറത്ത് നടുറോഡിൽ വച്ച് ഭർത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി. പനമ്പിള്ളി നഗർ സ്വദേശിനി പ്രീതയാണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം പ്രതി സുരേഷ് തോമസ് പൊലീസിൽ കീഴടങ്ങി.

ഇന്നലെ രാത്രി എട്ടുമണിയോടെ മുനമ്പം പള്ളിപ്പുറം സെന്റ് മേരീസ് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു കൊലപാതകം. വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭർത്താവ് സുരേഷ് തോമസും ഭാര്യ പ്രീതയയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് സുരേഷ് സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് പ്രീതയെ കുത്തുകയായിരുന്നു. കുത്തേറ്റ് ഓടിരക്ഷപ്പെടുവാൻ ശ്രമിച്ച പ്രീതയെ പിന്നാലെ ചെന്നും സുരേഷ് ആക്രമിച്ചു. പ്രീതയുടെ കഴുത്തിന് പിന്നിലും നെഞ്ചിലും ആഴത്തിൽ കുത്തേറ്റു.

സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ പ്രീതയെ വീട്ടുകാർ ചേർന്ന് കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽപ്പോയ പ്രതി പിന്നീട് മുനമ്പം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒരു വർഷം മുൻപായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *