അമേരിക്കൻ നടൻ ജോനാഥൻ ജോസ് വെടിയേറ്റ് മരിച്ചു

അമേരിക്കൻ നടനും സംഗീതജ്ഞനുമായ ജോനാഥൻ ജോസ് ഗോൺസാലസ് (59) വീടിനുമുന്നിൽ വെടിയേറ്റുമരിച്ചു. അയൽക്കാരനുമായുള്ള വാക്കുതർക്കത്തിന് പിന്നാലെയാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ടുകൾ. വെടിയുതിർത്ത സിഗ്ഫ്രെഡോ അൽവാരസ് സെജ (56) സാൻ അന്റോണിയോ പോലീസിന്റെ കസ്റ്റഡിയിലാണ്. ‘രണ്ടുപുരുഷന്മാർ പരസ്പ‌രം സ്നേഹിക്കുന്നത് കാണുന്നത് സഹിക്കാൻ കഴിയാത്ത ഒരാൾ ജോനാഥൻ ജോസിനെ കൊലപ്പെടുത്തി’, എന്ന് അദ്ദേഹത്തിന്റെ്റെ പങ്കാളി ട്രിസ്റ്റൻ കേൺ ഡി ഗോൺസാലസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഞായറാഴ്ച രാത്രി പ്രാദേശിക സമയം ഏഴുമണിയോടെയാണ് ആക്രമണമുണ്ടായത്. ഒന്നിലേറെ തവണ വെടിയേറ്റ ജോനാഥൻ ജോസ് വീടിന് സമീപത്തെ റോഡിൽ വീണുകിടക്കുന്നതായാണ് സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ടത്. പ്രഥമശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിന് പിന്നാലെ വാഹനത്തിൽ കടന്നുകളഞ്ഞ അക്രമിയെ പിന്നീട് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.

കഴിഞ്ഞ ജനുവരിയിൽ ഒരു തീപ്പിടിത്തത്തിൽ ജോനാഥൻ ജോസിൻ്റെ വീടും രണ്ട് വളർത്തുപട്ടികളേയും നഷ്‌ടമായിരുന്നു. വീട് അയൽവാസികൾ തീവെച്ചതാണെന്നാണ് ട്രിസ്റ്റൻ കേൺ ഡി ഗോൺസാലസ് ആരോപിക്കുന്നത്. ‘ഇവിടെ എത്തിയപ്പോൾ തീപ്പിടിത്തത്തിൽ നഷ്ടമായ വളർത്തുനായകളിൽ ഒന്നിൻ്റെ തലയോട്ടി ലഭിച്ചു. രണ്ടുപേർക്കും ദുഃഖം താങ്ങാൻ സാധിച്ചില്ല. ഞങ്ങൾ കരയാൻ തുടങ്ങിയപ്പോൾ അയൽവാസി സ്ഥലത്തേക്ക് എത്തി. അയാൾ ഞങ്ങൾക്കുനേരേ അധിക്ഷേപം നടത്താൻ തുടങ്ങി. പിന്നാലെ അയാൾ മടിക്കുത്തിൽനിന്ന് തോക്കെടുത്ത് വെടിയുതിർത്തു. ഞാനും ജോനാഥനും നിരായുധരായിരുന്നു. ഞങ്ങൾ ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ല. അയാൾ വെടിയുതിർത്തപ്പോൾ ജോനാഥൻ എന്നെ ഒരുവശത്തേക്ക് തള്ളിമാറ്റി എന്റെ ജീവൻ രക്ഷിച്ചു’, ട്രിസ്റ്റൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

2025 ലെ വാലന്റൈൻസ് ദിനത്തിലാണ് ജോനാഥൻ ജോസും ട്രിസ്റ്റൻ കെൻ ഡി ഗോൺസാലസുമായുള്ള വിവാഹം നടന്നത്. ‘കിങ് ഓഫ് ദി ഹിൽ’ എന്ന ടെലിവിഷൻ സീരീസിൽ ജോൺ റെഡ്കോൺ എന്ന കഥാപാത്രത്തിന് രണ്ടുമുതൽ 13 വരെ സീസണുകൾക്ക് ശബ്ദം നൽകിയത് ജോനാഥൻ ആണ്. 1993 മുതൽ അഭിനയത്തിൽ സജീവമായ ജോനാഥൻ നിരവധി സിനിമകളിലും ടെലിവിഷൻ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *