കയ്യിൽ എന്തോ ഒളിപ്പിച്ച് സീനത്ത്, നോക്കിയപ്പോള്‍ എംഡിഎംഎ; റൂമില്‍ നഞ്ചക്കും വടിവാളും

കാപ്പാ കേസ് പ്രതിയെ തിരഞ്ഞെത്തിയ പൊലീസിന് ലഭിച്ചത്  എംഡിഎംഎയും ആയുധങ്ങളും. കാപ്പാ കേസ് പ്രതിയായ റഹീമും കൂട്ടാളികളും സുഹൃത്തായ ഷാഹിദ് അഫ്നാന്റെ, കണ്ണൂർ മണലിലെ ക്വാർട്ടേഴ്സിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷിച്ചെത്തിയത്. പൊലീസ് എത്തിയെങ്കിലും റഹീമിനെ പിടികൂടാൻ സാധിച്ചില്ല. പരിശോധന നടത്തുന്നതിനിടെ ഷാഹിദിന്റെ മാതാവായ സീനത്ത് കയ്യിൽ എന്തോ ഒളിപ്പിച്ചു പിടിക്കുന്നതായി കണ്ടു. പരിശോധിച്ചപ്പോളാണ് മാരക ലഹരി വസ്തുവായ എംഡിഎംഎ ആണെന്ന് കണ്ടെത്തിയത്.

തുടർന്ന് ക്വാർട്ടേഴ്സിൽ നടത്തിയ വിശദമായ പരിശോധനയിൽ വടിവാളും നെഞ്ചക്കും കണ്ടെടുത്തു. പരിശോധന സമയത്ത് ക്വാർട്ടേഴ്സിന് സമീപം എത്തിയ ഷാഹിദിനേയും പിടികൂടി. ഇയാളിൽനിന്ന് 4 ഗ്രാം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നിർദേശപ്രകാരം എസ്ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *