‘അനന്തുവിന്റെ മരണം രാഷ്ട്രീയവൽക്കരിക്കേണ്ട വിഷയമല്ല; രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചുനില്‍ക്കണം’: എം സ്വരാജ്

മലപ്പുറം: വഴിക്കടവില്‍ പതിനഞ്ചുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് രാഷ്ട്രീയവൽക്കരിക്കേണ്ട വിഷയമല്ലെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചുനില്‍ക്കുകയാണ് വേണ്ടതെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതിന് കഴിയുമെന്നും എം സ്വരാജ് പറഞ്ഞു.

എൽഡിഎഫ് ഭരിക്കുമ്പോഴും യുഡിഎഫ് ഭരിക്കുമ്പോഴും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം നടന്നത് നിലമ്പൂരിന് പുറത്തുള്ള ചില നേതാക്കന്മാരുടെ നേതൃത്വത്തിലാണെന്ന് എം സ്വരാജ് ആരോപിച്ചു. അവരാണ് ആശുപത്രിയിലേക്കുളള വഴി തടഞ്ഞത്. വൈകിയാണെങ്കിലും അവര്‍ക്കത് ബോധ്യമായിട്ടുണ്ടാവുമെന്നും ഇനി അവര്‍ അത് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം സ്വരാജ് പറഞ്ഞു.

രാഷ്ട്രീയ ഗൂഢാലോചന ആരോപണം അപകടത്തിന്റെ പേരിൽ അല്ല എന്നാണ് മനസ്സിലാക്കുന്നതെന്ന് എം സ്വരാജ് പറഞ്ഞു. എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമോ എന്ന് നീക്കങ്ങളിലാണ് രാഷ്ട്രീയ ഗൂഢാലോചന നടന്നത്. കൂടുതൽ എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ അന്വേഷണത്തിൻ്റെ പരിധിയിൽ വരട്ടെ. ഇത്തരം ദുരന്തങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ‌ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കാൻ ശ്രമിക്കണമെന്ന് എം സ്വരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *