ഇന്‍ഡോര്‍: തിരക്കേറിയ നഗത്തിലെ റോഡില്‍ സ്‌കൂട്ടറില്‍ യാത്രചെയ്യവെ രണ്ടുപേരില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ആകര്‍ഷി ശര്‍മ എന്ന മോഡല്‍. ട്വിറ്ററിലൂടെയാണ് ഇന്‍ഡോര്‍ സ്വദേശിയായ ആകര്‍ഷി ശര്‍മ ലജ്ജാകരമായ തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

തിരക്കേറിയ നഗരത്തില്‍ കൂടി സ്‌കൂട്ടറില്‍ പോകുമ്പോള്‍ രണ്ടുപേര്‍ തന്നെ ആക്രമിക്കുകയായിരുന്നെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. ആക്ടീവയില്‍ ഇരിക്കുകയായിരുന്ന എന്റെ വസ്ത്രം അവര്‍ ഉര്‍ത്തി. അടിയില്‍ എന്താണുള്ളതെന്ന് കാണട്ടെ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഇത്. അവരെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഞാന്‍ മറിഞ്ഞു വീണു അപകടത്തില്‍ സംഭവിച്ച പരിക്കിന്റെ ചിത്രങ്ങള്‍ അടക്കം ട്വീറ്റ് ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു.

ഈ സംഭവങ്ങള്‍ നടന്നത് തിരക്കേറിയ പാതയിലായിരുന്നെന്നും ഒരാളും ഇതില്‍ ഇടപെട്ടില്ലെന്നും ആകര്‍ഷി ശര്‍മ പറയുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇതിനിടയില്‍ അക്രമികളുടെ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിക്കാന്‍ പോലും സാധിച്ചില്ല. സ്ഥലത്ത് സിസിടിവി കാമറകളൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

സ്‌കൂട്ടര്‍ മറിഞ്ഞ് നിലത്തുവീണ തന്നെ പ്രായംചെന്ന ഒരാള്‍ സഹായിക്കാനെത്തി. തന്റെ വസ്ത്രധാരണം മൂലമാണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്ന് അയാള്‍ പറഞ്ഞതായും അവര്‍ പറയുന്നു. എന്തു ധരിക്കണം എന്നത് എന്റെ തിരഞ്ഞെടുപ്പാണ്. വസ്ത്രധാരണത്തിന്റെ പേരില്‍ എന്നെ ഉപദ്രവിക്കാന്‍ ആര്‍ക്കും അധികാരമില്ല അവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *