കടമ്മനിട്ട ജി.എച്ച്.എസ്.എസ്. സ്കൂൾ പരിസരത്തെ പഴയ കെട്ടിടം തകർന്നു വീണു. രണ്ടുവർഷമായി ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടമാണിത്. പുതിയ കെട്ടിടം വന്നതോടെ ഈ കെട്ടിടം ഉപേക്ഷിച്ചതാണ്. കുട്ടികൾ സാധാരണയായി കളികൾക്കിടെയും മഴ പെയ്യുമ്പോഴും വെയിലുള്ള സമയത്തും ഈ കെട്ടിടത്തിന്റെ അടിയിൽ പോയി നിൽക്കാറുണ്ടായിരുന്നു. അപകടം രാത്രിയിലായതിനാൽ വലിയ ദുരന്തം ഒഴിവായി.
പഞ്ചായത്ത് ഈ കെട്ടിടം പരിശോധിക്കുകയും ഫിറ്റ് അല്ലെന്ന് വിധിച്ച് പൊളിച്ചു നീക്കാനുള്ള നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. സ്കൂൾ വളപ്പിൽ തന്നെ ഇത്തരത്തിൽ ഒരു പഴയ കെട്ടിടം നിൽക്കുന്നത് അപകടമാണെന്ന് പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, സർക്കാർ തലത്തിൽ നിന്ന് ഇത് പൊളിച്ചുനീക്കുന്നതിനുള്ള ഒരു നടപടിയും ഉണ്ടായില്ല. കെട്ടിടം പൊളിച്ചുനീക്കാൻ നവകേരളസദസ്സിലടക്കം പരാതി നൽകിയിരുന്നതായി പഞ്ചായത്തംഗം പറഞ്ഞു. എന്നാൽ, ഈ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം.

