ദേശീയപാതകളിൽ പെട്രോൾ പമ്പുകളിലെ ശുചിമുറി മുഴുവൻ സമയവും തുറന്നുകൊടുക്കണം; മുൻ ഉത്തരവിൽ മാറ്റം വരുത്തി ഹൈക്കോടതി

ദേശീയപാതകളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ പൊതുജനങ്ങൾക്ക് മുഴുവൻ സമയവും തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി. ദേശീയപാത അല്ലാത്ത സ്ഥലങ്ങളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ ഇന്ധനം അടിക്കാനെത്തുന്നവർക്കും യാത്രക്കാർക്കും ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. പെട്രോൾ പമ്പുകളിലെ ശുചിമുറികൾ എല്ലാവർക്കും ഉപയോഗിക്കാനുള്ളതല്ലെന്ന മുൻ ഉത്തരവില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ഉത്തരവ്.

അതേ സമയം, ഇത്തരം ശുചിമുറികൾക്കു മുൻപാകെ പൊതുശുചിമുറി എന്ന ബോർഡ് സ്ഥാപിക്കരുതെന്നും സംസ്ഥാന സർക്കാരിനും തിരുവനന്തപുരം കോർപറേഷനും കോടതി നിർദേശം നൽകി. തങ്ങളുടെ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറികളായി ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റിയും മറ്റ് സ്വകാര്യ പമ്പുടമകളും നൽകിയ ഹർജിയാണ് കോടതി മുൻപാകെ ഉണ്ടായിരുന്നത്. പമ്പുകളിൽ ഇന്ധനമടിക്കാൻ എത്തുന്നവർക്ക് അടിയന്തര സന്ദര്‍ഭത്തിൽ ഉപയോഗിക്കുന്നതിനാണ് ശുചിമുറിയെന്നായിരുന്നു ഹർജിക്കാരുടെ വാദം.

എന്നാൽ അത് പൊതുശുചിമുറിയാക്കണമെന്നാണ് സർക്കാരും ചില തദ്ദേശ സ്ഥാപനങ്ങളും ആവശ്യപ്പെടുന്നതെന്നും ‘പൊതുശുചിമുറി’യെന്ന് പെട്രോൾ പമ്പുകൾക്കു മുന്നിൽ തിരുവനന്തപുരം കോർപറേഷൻ ബോർഡ് സ്ഥാപിക്കുന്ന സ്ഥിതിയുണ്ടായി എന്നും ഹർജിക്കാർ വാദിച്ചു. ഇതുമൂലം പൊതുജനങ്ങൾ ശുചിമുറി ഉപയോഗിക്കാൻ പമ്പുകളിലെത്തുകയും അത് പമ്പുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും ചെയ്യുന്നു. ഏറെ അപകടസാധ്യത മേഖല കൂടിയായ പമ്പുകളിൽ പലപ്പോഴും ശുചിമുറിയെ ചൊല്ലി വഴക്കുകളും മറ്റും ഉണ്ടാകാറുണ്ട്. ചിലപ്പോൾ ടൂറിസ്റ്റ് ബസുകളിലും മറ്റും എത്തുന്ന യാത്രക്കാർ പോലും ശുചിമുറി സൗകര്യം ആവശ്യപ്പെടുന്നുവെന്നായിരുന്നു പമ്പുടമകളുടെ വാദം. തുടർന്ന് പൊതുജനങ്ങൾക്ക് ശുചിമുറി ഉപയോഗിക്കുന്നതിന് ഉടമകളെ നിർബന്ധിക്കരുതെന്ന് സംസ്ഥാന സർക്കാരിനും തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷനും കോടതി കഴിഞ്ഞ ജൂണിൽ ഇടക്കാല നിർദേശം നൽകിയിരുന്നു.

നിലവിലെ നിർദേശം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും എന്നതടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാർ പിന്നീട് കോടതിയെ അറിയിച്ചു. മാത്രമല്ല, സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പമ്പുകളിലുള്ള ശുചിമുറികൾ പൊതുശുചിമുറികളായി പരിഗണിക്കണമെന്നുണ്ടെന്നും സർക്കാർ വാദിച്ചു. എന്നാൽ ഇതു കോടതി അംഗീകരിച്ചില്ല. പൊതുജനങ്ങൾക്ക് ശുചിമുറി നിർമിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും അത് പെട്രോള്‍ പമ്പുടമകളുടെ തലയിലിടരുതെന്നും കോടതി വ്യക്തമാക്കി.

ദേശീയപാതകളിലെ പെട്രോൾ പമ്പുകൾ തുറന്നിരിക്കുന്ന സമയത്തെല്ലാം പൊതുജനങ്ങൾക്ക് അവിടുത്തെ ശുചിമുറി ഉപയോഗിക്കാം. അല്ലാത്ത സ്ഥലങ്ങളിൽ ഇന്ധനം അടിക്കാനെത്തുന്നവർക്കും വാഹന യാത്രക്കാർക്കും ഈ സൗകര്യം ഉണ്ടായിരിക്കണം. സുരക്ഷാ പ്രശ്നങ്ങളില്ലെങ്കിൽ ഇത്തരത്തിലുള്ള ശുചിമുറി ഉപയോഗം പമ്പുടമകൾ തടയരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *