ശിഷ്യര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശം അയച്ച ഹൈസ്കൂള്‍ അധ്യാപകന് ഒമ്പത് മാസത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. പല ഘട്ടങ്ങളിലായി 3 പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്ത അധ്യാപകന്‍ ഇവരെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. 33കാരനായ സിംഗപ്പൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത 3പെണ്‍കുട്ടികളാണ് അധ്യാപകനെതിരെ പരാതിയുമായെത്തിയത്. ഇന്‍സ്റ്റഗ്രാം ചാറ്റിലൂടെയാണ് ഇതില്‍ ആദ്യത്തെ പെണ്‍കുട്ടിയുമായി അധ്യാപകന്‍ അടുപ്പമുണ്ടാക്കിയത്. 15കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ തന്ത്രത്തില്‍ ഒരു ഹോട്ടൽ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകകയും ചെയ്തു. 2021 ഒക്ടോബർ 17-നാണ് ഈ സംഭവമുണ്ടായത്
തൻജോങ് പാഗറിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത ശേഷമാണ് അധ്യാപകന്‍ കുട്ടിയെ തന്ത്രപൂര്‍വം അവിടെയെത്തിച്ചത്. ഇരുവരും കട്ടിലിൽ ഇരിക്കുമ്പോൾ ഇയാൾ 15കാരിയെ ബലം പ്രയോഗിച്ച് ചുംബിക്കാൻ ശ്രമിക്കുകയും കുട്ടി ഇയാളെ തള്ളി മാറ്റുകയും ചെയ്തു. അധ്യാപകന്‍ പലവട്ടം ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെങ്കിലും 15കാരി വഴങ്ങിയില്ല.
ഒടുവിൽ, ഇയാൾ പെൺകുട്ടിയുടെ കൈ തന്‍റെ സ്വകാര്യ ഭാഗങ്ങളിൽ വെച്ചു, കുട്ടി എതിര്‍ത്തോടെ അയാള്‍ പിന്‍വാങ്ങുകയായിരുന്നു. ഇത് ആരോടും പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം സ്വന്തം വാഹനത്തിൽ അവളെ വീട്ടിലാക്കി. അതിന് ശേഷവും അശ്ലീല മെസേജുകള്‍ അയച്ചതോടെ 15കാരി ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു. 2021 ഡിസംബറിൽ ഇയാൾ സ്കൂൾ വിട്ടുപോയി.
തുടര്‍ന്ന് ഹോട്ടലിലെ തന്‍റെ പ്രവൃത്തികൾക്ക് ക്ഷമ ചോദിച്ച് ടെലിഗ്രാം വഴി ഇയാൾ 15കാരിക്ക് വീണ്ടും മെസേജ് അയച്ചു. കടുത്ത മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി ഈ സംഭവം സ്കൂളിൽ അറിയിച്ചു. 16-ഉം 17-ഉം വയസ്സുള്ള മറ്റ് 2 പെണ്കുട്ടികളെ അധ്യാപകന്‍ ഉന്നമിട്ടത് അവര്‍ സ്കൂള്‍ പഠനം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിനായി പോയ ശേഷമാണ്.
2017-ൽ സ്കൂളിൽ ജോലിയിൽ പ്രവേശിച്ച ഇയാൾ സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വിദ്യാർത്ഥികളുടെ ഫോളോ റിക്വസ്റ്റുകൾ സ്വീകരിക്കാറുണ്ടായിരുന്നു. അധ്യാപകന്‍ ജോലി ചെയ്തിരുന്ന സ്കൂളില്‍ നേരത്തേ പഠിച്ചിരുന്ന 17കാരി ഇൻസ്റ്റാഗ്രാമിൽ അയാളെ ഫോളോ ചെയ്തിരുന്നു. 2021 ഏപ്രിലിൽ, ഇയാൾ ഇൻസ്റ്റാഗ്രാം വഴി അവളെ ബന്ധപ്പെട്ട് പഠനം എങ്ങനെ പോകുന്നുവെന്ന് അന്വേഷിച്ചു. തുടര്‍ന്ന് അധ്യാപകന്‍ സെക്സ് ചാറ്റിലേക്ക് വഴിമാറുകയായിരുന്നു.
വാനിഷിങ് മോഡ് ആക്ടിവേറ്റ് ചെയ്ത ശേഷമാണ് ഇയാള്‍ ലൈംഗിക ചുവയുള്ള മെസേജുകള്‍ അയച്ചിരുന്നത്. ഇടയ്ക്ക് ലൈംഗിക ബന്ധത്തിന് താല്‍പര്യം അറിയിക്കുകയും ചെയ്തു. പെണ്‍കുട്ടി ആവശ്യം നിരസിച്ചതോടെ ഇയാള്‍ ആശയവിനിമയവും അവസാനിപ്പിച്ചു. അതേ സ്കൂളില്‍ നിന്ന് ഹൈസ്കൂള്‍ പഠനം കഴിഞ്ഞിറങ്ങിയ 16കാരിക്കും അധ്യാപകന്‍ മോശം മെസേജുകള്‍ അയച്ചിരുന്നു. തന്നെക്കുറിച്ച് ലൈംഗികമായി ചിന്തിക്കാൻ ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു.
സെക്സിനെപ്പറ്റിയുള്ള നിന്‍റെ ഫാന്‍റസികളെന്തൊക്കെയാണ്, അത് ഷെയര്‍ ചെയ്യാമോ, ഞാനും അത്തരം കാര്യങ്ങള്‍ നിന്നോട് ഷെയര്‍ ചെയ്യട്ടെ, എന്നിങ്ങനെയുള്ള സന്ദേങ്ങളാണ് ഇയാള്‍ അയച്ചിരുന്നത്. അതേ മാസം തന്നെ, 16 വയസ്സുള്ള കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും ഇയാൾ ശ്രമിച്ചു… ‘നമുക്ക് ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ്സ്’ ആകാമെന്നാണ് ഇയാള്‍ പെണ്‍കുട്ടിക്ക് അയച്ച ഒരു സന്ദേശം. ലൈംഗിക ബന്ധത്തിന് താല്‍പര്യമുണ്ടെന്ന് ഈ പെണ്‍കുട്ടിയെയും അയാള്‍ അറിയിച്ചു. ആവശ്യം നിരസിച്ച പെണ്‍കുട്ടി മേലില്‍ മെസേജ് അയയ്ക്കരുതെന്ന് താക്കീത് ചെയ്തു.
അതിന് ശേഷവും മെസേജ് തുടര്‍ന്നതോടെ പെൺകുട്ടി സ്കൂളിലെ മുൻ അധ്യാപകനെ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ ഇപ്പോൾ അധ്യാപകനായി ജോലി ചെയ്യുന്നില്ല. 2022 മാർച്ചിൽ ഇയാൾ അധ്യാപനം നിർത്തിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം കോടതിയെ അറിയിച്ചു.
