തെന്നിന്ത്യയുടെ ഹൃദയം കീഴടക്കിയ നടി സ്വാതി റെഡ്ഡി വിവാഹിതയാവുന്നു. പൈലറ്റായ വികാസ് ആണ് വരന്‍. ദീര്‍ഘകാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. മലേഷ്യന്‍ എയര്‍വേയ്‌സിലാണ് വികാസ് ജോലി ചെയ്യുന്നത്. ജക്കാര്‍ത്തയിലാണ് സ്ഥിരതാമസം.

ആഗസ്റ്റ് 30 ന് ഹൈദരാബാദില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 2 ന് കൊച്ചിയില്‍ വച്ച് മലയാള സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്നൊരുക്കും. തെലുങ്ക് സിനിമയിലെ സഹസംവിധായകനായ ശ്രീധര്‍ ശ്രീയാണ് സ്വാതിയുടെ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു സ്വാതിയുടെ അച്ഛന്‍ ശിവരാമ കൃഷ്ണ.

സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമയിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന സ്വാതി, ആമേന്‍, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയതാരമായി മാറുകയായിരുന്നു. റഷ്യയിലാണ് സ്വെറ്റ്‌ലാന എന്ന സ്വാതി ജനിച്ചത്. വിശാഖപട്ടണത്തും മുംബൈയിലുമായിരുന്നു ബാല്യകാലം.

2005 ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേനിലൂടെയാണ് സ്വാതി മലയാളത്തില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *