നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (63) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ തൃശൂരിലെ തൃത്തല്ലൂരിൽ നടക്കും.

നടനും എം.എൽ.എയുമായ മുകേഷിന്റെ സഹോദരീഭർത്താവാണ് ഇ.എ. രാജേന്ദ്രൻ. പ്രശസ്ത നാടകപ്രവർത്തകൻ ഒ. മാധവന്റെ മകൾ സന്ധ്യാ രാജേന്ദ്രനാണ് ഭാര്യ. തൃശൂർ സ്വദേശിയായ രാജേന്ദ്രൻ അഭിനയകലയിൽ ശാസ്ത്രീയമായ അടിത്തറയുള്ള വ്യക്തിയായിരുന്നു. ഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമ, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷമാണ്  കലാരംഗത്ത് സജീവമായത്. ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ കാളിദാസ കലാകേന്ദ്രത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു. 1987-ൽ മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.

1981-ൽ ‘ഗ്രീഷ്മം’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാൽ ജയരാജ് സംവിധാനം ചെയ്ത ‘കളിയാട്ടം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. പ്രണയവർണ്ണങ്ങൾ, പാട്ടാഭിഷേകം, ദയ തുടങ്ങിയ അറുപതോളം ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങി. ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *