കഴക്കൂട്ടം: യുവാവ് ഹെൽമെറ്റില്ലാതെ വാഹനമോടിച്ചതിന് വൈദികന് പിഴ. ചന്തവിള ഈസ്റ്റാഫ്പുരം സി.എസ്.ഐ ഇടവക വികാരിയായ ഫാദർ എഡിസൺ ഫിലിപ്പിനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ പിഴ അടക്കണമെന്നുള്ള നോട്ടീസ് കിട്ടിയത്. നോട്ടീസിലെ വാഹന നമ്പറും വൈദികന്‍റെ വാഹന നമ്പറും വ്യത്യസ്തമാണ്.
നോട്ടീസിലുള്ള വാഹനത്തിന്‍റെ നമ്പർ KL 01 BC 2852 എന്നാണ് എന്നാൽ വൈദികന്റെ ബൈക്കിന്‍റെ നമ്പർ KL 01 BC 2858 ആണ്. ജൂലൈ 21ന് വൈകുന്നേരം 7. 17ന് മലയിൻകീഴിലെ കാമറയിൽ ഹെൽമെറ്റില്ലാതെ ഒരു യുവാവ് പോകുന്ന ദൃശ്യമാണ് നോട്ടീസിലുള്ളത്. ഈ ദിവസം വൈദികൻ മലയിൻകീഴിൽ ഭാഗത്തേക്ക് പോയിട്ടില്ല.
കൂടാതെ ഹെൽമെറ്റ് ഇല്ലാതെ പുറത്തു പോകാറില്ലെന്നും വികാരി പറഞ്ഞു. നോട്ടീസിൽ തന്നെ ബൈക്കിന്‍റെ നമ്പർ വ്യക്തമായി കാണാൻ കഴിയുമെന്നും എന്നിട്ടും എന്തടിസ്ഥാനത്തിലാണ് തനിക്ക് പിഴ നോട്ടീസ് അയച്ചതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പിഴവ് തിരുത്തി നൽകണമെന്നും അല്ലാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും പറഞ്ഞു.

