തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രഖ്യാപിച്ചിരുന്ന നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. ശമ്പളം പരിഷ്‌കരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത് പരിഗണിച്ചാണ് സമരത്തില്‍ നിന്ന് പിന്‍വാങ്ങുന്നത്. ചേര്‍ത്തലയില്‍ നിന്നു തിരുവനന്തപുരത്തേക്കു നടത്താനിരുന്ന ലോങ് മാര്‍ച്ചും പിന്‍വലിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് ഔദ്യോഗിക തീരുമാനം പുറത്തുവിട്ടത്.

സമരം പിന്‍വലിച്ചുവെങ്കിലും നഴ്‌സുമാര്‍ക്ക് നല്‍കിയിരുന്ന അലവന്‍സുകള്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ കുറച്ചതിനെതിരെ പ്രതിഷേധം നടത്തുമെന്നും നഴ്‌സുമാരുടെ സംഘടന അറിയിച്ചിട്ടുണ്ട്. ചേര്‍ത്തല കെ.വി.എം ആശുപത്രി സമരം ഒത്തുതീര്‍പ്പാക്കാന്‍ നിയമനടപടി സ്വീകരിക്കാനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച വൈകുന്നേരം തന്നെ പുതിയ ശമ്പളം നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുകയായിരുന്നു. എന്നാല്‍ മിനിമം വേതനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം കയ്യില്‍ കിട്ടും വരെ സമരം തുടരുമെന്നായിരുന്നു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേരത്തെ അറിയിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ തിരക്കിട്ട് വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു. വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍, 50 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാകും. 100 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ 24,400 രൂപയും 200 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 29,200 രൂപയുമായി മിനിമം വേതനം ഉയര്‍ത്തിയിട്ടുണ്ട്.

സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാര്‍ ഇന്നു മുതല്‍ എല്ലാവരും ഡ്യൂട്ടിയില്‍ കയറുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *