‘പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക’: യൂത്ത് കോൺഗ്രസ് കണ്ണൂർ അധ്യക്ഷനെതിരെ പോസ്റ്റർ

കണ്ണൂർ: യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹനനെതിരെ പോസ്റ്ററുകൾ. ശ്രീകണ്ഠപുരം പൊടിക്കളത്താണു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ‘പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക, യൂത്ത് കോൺഗ്രസ് കോഴികളുണ്ട്’ തുടങ്ങിയ വാചകങ്ങളെഴുതിയ പോസ്റ്ററുകളാണ് ഇന്നു രാവിലെ പ്രത്യക്ഷപ്പെട്ടത്. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ കൂടിയാണ് വിജിൽ മോഹനൻ. രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്ന വിജിൽ, രാഹുലിനെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, സംഭവത്തിനു പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സിപിഎമ്മിന്റെ കുത്തക വാർഡിൽ ജയിച്ചത് മുതൽ തുടങ്ങിയ അക്രമമാണെന്ന് വിജിൽ മോഹൻ പ്രതികരിച്ചു. നേർക്കുനേർ ഏറ്റുമുട്ടാൻ ശേഷിയില്ലാത്ത ഡിവൈഎഫ്ഐക്കാരാണു പോസ്റ്ററിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. വിജിൽ മോഹനനും രാഹുൽ മാങ്കൂട്ടത്തിലും അഴിമതിക്കാരാണെന്നാരോപിച്ച് മുൻ കോൺഗ്രസ് നേതാവ് കെ.സി. വിജയൻ ഉൾപ്പെടെ നേരത്തെ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *