കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുതിപ്പ്. ഇതോടെ പവന്റെ വില 88,000 രൂപക്ക് അടുത്തെത്തി. ഉച്ചക്ക് ശേഷം ഗ്രാമിന് 55 രൂപ വർധിച്ച് 10930 രൂപയായി. പവന്റെ വില 440 രൂപ വർധിച്ച് 87,440 രൂപയിലെത്തി പുതിയ റെക്കോഡിട്ടു. ചൊവ്വാഴ്ച ഉച്ചക്കു ശേഷം നടന്ന വ്യാപാരത്തിൽ സ്വർണ വില ഇടിഞ്ഞിരുന്നു. എന്നാൽ ഇന്ന് രാവിലെ തിരിച്ചുകയറിയ സ്വർണ വില വീണ്ടും റെക്കോഡിലെത്തി. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന് 880 രൂപ വർധിച്ച് 87,000 രൂപയായി ഉയർന്നു.
ആഗോളവിപണിയിലും സ്വർണവില ഉയർന്നു. യു.എസ് ഷട്ട്ഡൗണിനെ തുടർന്നുള്ള ആശങ്കയിൽ നിക്ഷേപകർ സ്വർണത്തിൽ കൂടുതൽ നിക്ഷേപം നടത്തിയതോടെയാണ് വില ഉയർന്നത്. സ്പോട്ട് ഗോൾഡിന്റെ വില 0.4 ശതമാനം ഉയർന്ന് 3,872.87 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.7 ശതമാനം ഉയർന്ന് 3,901.40 ഡോളറായും ഉയർന്നു.

