ശബരിമല സ്വർണമോഷണക്കേസ്: പോറ്റിയെ ഉടൻ കസ്റ്റഡിയിലെടുക്കും

പത്തനംതിട്ട: ശബരിമല സ്വർണമോഷണക്കേസ് ഒന്നാംപ്രതി ഉണ്ണികൃഷ്ണൻപോറ്റിയെ പ്രത്യേക അന്വേഷണസംഘം ഉടൻ കസ്റ്റഡിയിലെടുക്കും. ചെന്നൈ സ്മാർട്ട് ക്രിയേഷൻസ്, ശബരിമല സന്നിധാനം, കൊച്ചി എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച തെളിവുകൾ സ്വർണമോഷണത്തിലെ ഉണ്ണികൃഷ്ണൻപോറ്റിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്. സ്മാർട്ട് ക്രിയേഷൻസിൽ വലിയ ഇടപെടൽ ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് ലഭിച്ച വിവരം.

ആറാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിനിർദേശം. അന്വേഷണപുരോഗതി രണ്ടാഴ്ചകൂടുമ്പോൾ ഹൈക്കോടതിയെ അറിയിക്കുകയും വേണം.

നാഡീസംബന്ധമായ അസുഖമുണ്ടെന്ന് പോറ്റി ദേവസ്വം വിജിലൻസിനോട് പറഞ്ഞിരുന്നു. ബെംഗളൂരുവിലെ ഒരു പ്രശസ്ത ആശുപത്രിയിൽ ചികിത്സതേടിയതിന്റെ സർട്ടിഫിക്കറ്റും തെളിവായി നൽകിയിരുന്നു. ഇതിന്റെ സ്ഥിരീകരണവും അന്വേഷണസംഘം നടത്തുന്നുണ്ട്.

പോറ്റിയുടെ ഫോണിലേക്കുള്ള കോളുകളുടെയും പോറ്റി വിളിച്ച കോളുകളുടെയും പരിശോധനകളും നടക്കുന്നുണ്ട്. സ്മാർട്ട് ക്രിയേഷൻസിലെയും ദേവസ്വത്തിലെയും ജീവനക്കാർ, ഉന്നതരായ മറ്റു വ്യക്തികൾ തുടങ്ങിയവരെ പോറ്റി ബന്ധപ്പെട്ടതിന്റെ തെളിവുകൾ സമാഹരിക്കുകയാണ് ലക്ഷ്യം. ‌‌ രണ്ടുവർഷത്തെ കോൾലിസ്റ്റ് എടുത്തുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *