റെയിൽവേ സ്റ്റേഷനിൽ നടിയോട് അതിക്രമം: പോർട്ടർ അറസ്റ്റിൽ, ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം ∙ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം കാണിച്ച പോർട്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സ്വദേശി അരുൺ(32) ആണ് അറസ്റ്റിലായത്. 24കാരിയായ നടിയുടെ പരാതിയിൽ അരുണിനെ സസ്പെൻഡ് ചെയ്തു.

വ്യാഴാഴ്ച പ്ലാറ്റ്ഫോമിലേക്കു പോകാനായി റെയിൽവേലൈൻ ക്രോസ് ചെയ്യുമ്പോഴാണ് നടിക്കു പിന്നാലെ പോർട്ടർ വന്നത്. നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിലൂടെ അപ്പുറത്തേക്കു കടത്തിവിടാമെന്ന് പറഞ്ഞ് എസി കോച്ചിന്റെ വാതിൽ പോർട്ടർ തന്നെ തുറന്നു കൊടുത്തു. അതുവഴി അപ്പുറത്തെത്തി ട്രാക്കിലേക്ക് കയറുമ്പോൾ നടിയെ സഹായിക്കാനെന്ന വ്യാജേന പോർട്ടർ ആദ്യം ബാഗിൽ പിടിച്ചു.

സഹായിക്കേണ്ടെന്നും തനിച്ചു കയറാൻ സാധിക്കുമെന്നും നടി പറഞ്ഞെങ്കിലും പോർട്ടർ ദേഹത്തു കടന്നുപിടിക്കുകയായിരുന്നു. നടി ഉടൻ തന്നെ റെയിൽവേയിൽ പരാതി നൽകി. ഈ സമയം പോർട്ടറെ ന്യായീകരിക്കുംവിധം അധികൃതർ പെരുമാറിയതോടെ പേട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *