ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ; കുരുക്കായത് പോറ്റിയുമായുള്ള അ‌ടുപ്പവും മൊഴികളും; അന്വേഷണം ആരംഭിച്ച്‌ ഇഡിയും

ശബരിമല സ്വർണക്കൊള്ള   കേസിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) അറസ്റ്റ് ചെയ്തത്. ഇന്നു പുലർച്ചെ തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്തു വിളിച്ചുവരുത്തിയാണ് തന്ത്രിയെ ചോദ്യം ചെയ്തത്.  ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. അതിനു ശേഷം ഈഞ്ചക്കലിലെ  എസ്ഐടി ഓഫിസിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുപ്പമുണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അട‌ിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് സൂചന. തന്ത്രിക്ക് പോറ്റിയുമായി അടുപ്പമുണ്ടായിരുന്നെന്ന് മറ്റു പ്രതികൾ മൊഴി നൽകിയിരുന്നെന്നാണ് വിവരം.

കഴിഞ്ഞ നവംബറിലും തന്ത്രിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ക്ഷേത്രത്തിലെ സ്ഥാവര ജംഗമ സ്വത്തുക്കളുടെയെല്ലാം ചുമതല ദേവസ്വം ബോർഡിനാണ്. പാളികളുടെ അറ്റകുറ്റപ്പണികൾക്കായി ദേവസ്വം ഉദ്യോഗസ്ഥരാണ് സമീപിച്ചതെന്നും തന്ത്രി കണ്ഠര് രാജീവര് മുൻപ് മൊഴി നൽകിയിരുന്നു. ദേവസ്വം ബോർഡ് അപേക്ഷിച്ചപ്പോൾ അനുമതിയും, ഭഗവാന്റെ അനുഗ്രഹവും നൽകുകയാണ് ചെയ്തത്. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണ അങ്കിയുടെ നിറം മങ്ങിയതിനാൽ അത് നവീകരിക്കാമെന്ന് അനുമതിയിൽ പറഞ്ഞിട്ടുണ്ടെന്നും തന്ത്രി രാജീവര് എസ്.ഐ.ടി.യെ അറിയിച്ചിരുന്നു.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് നടത്തിയ ‘ദൈവതുല്യരായ ആളുകൾ’ എന്ന പ്രസ്താവനയോട്, ‘ദൈവതുല്യരായ എത്ര ആളുകളുണ്ടെന്ന് എനിക്കെങ്ങനെ അറിയാൻ കഴിയും?’ എന്നായിരുന്നു രാജീവരുടെ പ്രതികരണം. തന്ത്രി കണ്ഠര് മോഹനരും ഇതിനുമുൻപ് മൊഴി നൽകിയിട്ടുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. എസ്ഐടി പ്രതിചേര്‍ത്ത എല്ലാവരെയും പ്രതിചേര്‍ത്ത് കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ഇഡി അന്വേഷണം. ഉണ്ണികൃഷ്ണന്‍ പോറ്റി ഒന്നാംപ്രതിയായ കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാര്‍, എന്‍.വാസു ഉള്‍പ്പെടെ പതിനഞ്ചിലേറെ പേര്‍ പ്രതികളാകും. ഏറ്റവും ഒടുവില്‍ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരും ഇഡി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. അന്വേഷണത്തിന്‍റെ ഭാഗമായി റെയ്ഡ, സ്വത്ത് കണ്ടുക്കെട്ടല്‍ നടപടികളിലേക്കും വരുംദിവസങ്ങളില്‍ ഇഡി കടക്കും. എസ്ഐടിയെ അപേക്ഷിച്ച് സാമ്പത്തികയിടപാടുകളിലടക്കം സമഗ്രമായ അന്വേഷണം നടത്താന്‍ ഇഡിക്ക് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *