കോഴിക്കോട് കോൺഗ്രസിൽ ഉൾപ്പോര്; പാർട്ടിയെ കുറ്റപ്പെടുത്തി കെ.സി.അബുവിന്റെ മകൾ, വിശദീകരണം തേടി ഡിസിസി

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം; കെ.സി ശോഭിതയോട് വിശദീകരണം തേടി പാര്‍ട്ടി

പാർട്ടി  നേതൃത്വത്തെ കുറ്റപ്പെടുത്തി സമൂഹമാധ്യമത്തിലൂടെ പരസ്യ പ്രതികരണവുമായി കോർപറേഷൻ കൗൺസിലറും മുൻ കോർപറേഷൻ കൗൺസിലിലെ യുഡിഎഫ് കക്ഷി നേതാവുമായ കെ.സി.ശോഭിത രംഗത്തുവന്നതോടെ വെളിപ്പെടുന്നത് ജില്ലാ കോൺഗ്രസിലെ ഉൾപ്പോരുകൾ. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി.അബുവിന്റെ മകൾ കൂടിയായ ശോഭിത, പാർട്ടിയിൽ ഒറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി വ്യാഴാഴ്ചയാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടത്. കോഴിക്കോട് കോർപറേഷനിൽ മികച്ച പ്രകടനം കാഴ്ചവച്ച് കൂടുതൽ സീറ്റ് പിടിച്ചെടുത്തതിനു ശേഷമുണ്ടായ വിവാദം ഒഴിവാക്കാൻ കെപിസിസി നേതൃത്വത്തിന്റെ ഇടപെടൽ സജീവമായി നടക്കുന്നതായാണ് വിവരം.

പാറോപ്പടി ഡിവിഷനില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി. എം നിയാസിന്‍റെ തോല്‍വിയില്‍ തന്നെയും ഭര്‍ത്താവിനെയും തേജോവധം ചെയ്യുന്നുവെന്നായിരുന്നു ശോഭിതയുടെ വിമര്‍ശനം.  കോഴിക്കോട് കോര്‍പ്പറേഷന്‍ പാറോപ്പടി ഡിവിഷനില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി.എം.നിയാസിന്‍റെ തോല്‍വി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൗണ്‍സിലര്‍ കെ.സി.ശോഭിത നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയ ശോഭിതയോട് കോഴിക്കോട് ഡിസിസി വെള്ളിയാഴ്ച രാവിലെ വിശദീകരണം തേടി. പരാതി പറയേണ്ടത് ഡിസിസി ഓഫിസിലാണെന്നും നിലപാട് തിരുത്തിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ പറഞ്ഞു. അന്വേഷണ കമ്മിഷന്റെ ഇനിയും പുറത്തുവിടാത്ത റിപ്പോർട്ടിനെക്കുറിച്ചാണ് ശോഭിതയുടെ ആരോപണം. ഈ റിപ്പോർട്ട് ഉടൻ പുറത്തുവിടും. ശോഭിത ആയാലും പ്രവീൺകുമാർ ആയാലും കോൺഗ്രസിന്റെ ആത്മവീര്യം തകർക്കുന്ന നിലപാട് ഉണ്ടായാൽ അത് തെറ്റാണ്. ശോഭിത നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും പ്രവീൺകുമാർ പ്രതികരിച്ചു.

അന്വേഷണത്തിന്‍റെ പേരില്‍ തന്നെയും കുടുംബത്തെയും വേട്ടയാടുന്നുവെന്നും, പരാജയത്തില്‍ ഭര്‍ത്താവിനെ പഴിചാരുന്നുവെന്നും, വനിത എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും ശോഭിത ഫെയിസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

പാറോപ്പടി വാർഡ് ഉൾപ്പെടെ കോൺഗ്രസ്‌ തോറ്റ എല്ലാ വാർഡുകളെയും കുറിച്ച് വേദനിക്കുന്ന പ്രവർത്തകയാണെന്നും എന്നാൽ പാറോപ്പടിയിലെ പരാജയം മാത്രം അന്വേഷിക്കാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് മനസിലാകുന്നില്ലെന്നും ശോഭിത ഈ കുറിപ്പിൽ വിശദീകരിക്കുന്നു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. പക്ഷെ അന്വേഷണ റിപ്പോർട്ട് എന്ന പേരിൽ തന്നെയും കുടുംബത്തെയും വേട്ടയാടുന്ന, പാർട്ടിയിൽ ഇകഴ്ത്തി കാണിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സ്വന്തം ബിസിനസുമായി കഴിയുന്ന ഭർത്താവ് പാർട്ടി പ്രവർത്തകനല്ല എന്ന കാര്യം എല്ലാവർക്കും അറിയുന്നതാണ്. അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ആയി വയ്ക്കുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ അദ്ദേഹം താൽപര്യമില്ല എന്ന് അറിയിച്ചിരുന്നു. പിന്നീട് നിർബന്ധിച്ചു വച്ച ശേഷം, അവിടെ തോറ്റതിന് അദ്ദേഹത്തെ പഴി ചാരാൻ ശ്രമം നടക്കുകയാണ്. ഒട്ടേറെ പ്രശ്നങ്ങൾ അവഗണിച്ചാണ് 15 വർഷമായി കൗൺസിലർ ആയി പ്രവർത്തിക്കുന്നത്. വനിത എന്ന നിലയിൽ ലഭിക്കേണ്ട പരിഗണനയോ അംഗീകാരമോ ചില നേതാക്കൾ തരുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും കടുത്ത അവഗണന നേരിട്ടിട്ടുണ്ട്. കൗൺസിലിൽ സിപിഎം ഭരണക്കാർ എടുത്ത തെറ്റായ തീരുമാനങ്ങൾക്കെതിരെ കടുമണി ഒത്തുതീർപ്പില്ലാതെ പോരാടിയപ്പോൾ ചുവപ്പ് കാർഡ് കാട്ടി റഫറി കളിച്ച ചില നേതാക്കൾ തന്നെയാണ് ഇപ്പോൾ അന്വേഷണ നാടകവുമായി നിലവിളിക്കുന്നത്. കോൺഗ്രസ്‌ തോറ്റ മറ്റു വാർഡുകളിൽ എന്താണ് പരാജയ കാരണം എന്ന് കണ്ടെത്താൻ ഇവർക്ക് താൽപര്യമില്ല. കാരണം ഇതിലെല്ലാം പ്രവീണ്യമുള്ള ചില നേതാക്കളുടെ പങ്കുണ്ടെന്നും ശോഭിത ആരോപിക്കുന്നു.

അതേസമയം, കോർപറേഷൻ സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ഉറപ്പുള്ള ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി വികസന കമ്മിറ്റിയിലേക്ക് മാറ്റിയതിലുള്ള വിഷമമാണ് ശോഭിതയുടെ പ്രതികരണത്തിനു പിന്നിലെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ലഭിക്കുമായിരുന്ന അധ്യക്ഷ പദവിയാണ് ശോഭിതയ്ക്ക് ഇതിലൂടെ നഷ്ടമായത്. ക്ഷേമകാര്യ സമിതിയിൽ ലീഗിനാണ് അധ്യക്ഷ പദവി ലഭിച്ചത്. കഴിഞ്ഞ കൗൺസിലിൽ പാർട്ടി ലീഡറായിരുന്ന ശോഭിതയെ ഇത്തവണ അത്തരം സ്ഥാനങ്ങളിൽ നിന്ന് തഴഞ്ഞതിലും അവർക്ക് വിഷമമുണ്ടെന്നാണ് സൂചന. അവസാനദിവസം നടന്ന തിരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ ശോഭിത വിട്ടുനിന്നതും ശ്രദ്ധനേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *