കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; 80 അടി താഴ്ചയിലേക്ക് വീണ മധ്യവയസ്കന് അത്ഭുതരക്ഷ

കാസർകോട്: കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി 80 അടി താഴ്ചയിലേക്ക് വീണ മധ്യവയസ്കന് അത്ഭുതകരമായ രക്ഷപ്പെടൽ. അബ്ദുൾ റഹ്മാൻ (52) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ചെങ്കളയിലെ സുലൈമാന്റെ വീട്ടിലായിരുന്നു സംഭവം.

നാലംഗ സംഘത്തോടൊപ്പമാണ് അബ്ദുൾ റഹ്മാൻ കിണർ വൃത്തിയാക്കാൻ എത്തിയത്. കിണറ്റിലേക്ക് ഇറങ്ങുന്നതിനിടെ അപ്രതീക്ഷിതമായി കയർ പൊട്ടുകയായിരുന്നു. അബ്ദുൾ റഹ്മാൻ വെള്ളത്തിലേക്ക് വീണതിനാൽ വലിയ പരിക്കുകൾ ഒഴിവായി. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. കാസർകോട് നിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ റിംഗ് നെറ്റ് ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. സേനാംഗമായ ഗോകുൽ കൃഷ്ണൻ കിണറ്റിലിറങ്ങി അബ്ദുൾ റഹ്മാനെ സുരക്ഷിതമായി പുറത്തെത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം അദ്ദേഹത്തെ ഉടൻ തന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൾ റഹ്മാന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *