മാലൂർക്കുന്ന് എആർ ക്യാംപ് റോഡിലെ അപകടവളവിൽ ഇതുവരെ അപകടത്തിൽപെട്ടത് 15 വണ്ടികൾ ; ഇന്നലെ പിതാവും മകളും മരണത്തിലേക്കു വീണത് ഒരുമിച്ച്

KOZHIKODE : മാലൂർക്കുന്ന് എആർ ക്യാംപ് റോഡിൽ അപകടത്തിൽ പിതാവും മകളും മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ഇന്നലെ വൈകിട്ട് അപകടം നടന്നപ്പോൾ ഓടിയെത്തിയ നാട്ടുകാർ രോഷാകുലരായിരുന്നു. റോഡിലെ ഈ വളവിൽ ഇതുവരെ 15 വണ്ടികളാണ് അപകടത്തിൽപെട്ടത്. ഇന്നലെ മരിച്ച രണ്ടുപേരടക്കം ഇതുവരെ മൂന്നു പേരുടെ ജീവനാണ് നഷ്ടമായത്. 16 പേർക്ക് ഇതുവരെ പരുക്കേറ്റു.

ഈ വളവിൽ അപകടം പതിവായതോടെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. 2024 നവംബറിൽ ഇരുചക്രവാഹനത്തിൽവന്ന 40 വയസ്സുകാരി ഇതേ മതിലിൽതട്ടി താഴേക്കു വീണ് മരിച്ചു. ഇതോടെയാണ് കൗൺസിലറുടെ നേതൃത്വത്തിൽ കോർപറേഷനെ സമീപിച്ചത്. തുടർന്ന് ഇവിടെ ലോഹപാളികൾ തറച്ച് അപകടവേലി കെട്ടി. എന്നാൽ താഴെയുള്ള വീടിന്റെ വാഹനം നിർത്തുന്ന ഭാഗത്ത് വളവിൽ കുറച്ചുഭാഗം വേലി കെട്ടാതെ വച്ചു. 2025 ഓഗസ്റ്റിൽ സ്കൂട്ടറിൽവന്ന മൂന്ന് ആൺകുട്ടികൾ‍ ഇതേ മതിലിൽ ഇടിച്ചു തെറിച്ച് വീടിനു മുകളിലേക്ക് വീണിരുന്നു. ഇവർക്കു ഗുരുതരമായി പരുക്കേറ്റു. ഇതിനുശേഷം കോർപറേഷൻ ലോഹപാളികൾകൊണ്ട് ബാരിയർ നിർമിച്ചിരുന്നു.

ഇന്നലെയാണ് മാലൂർകുന്ന് പൊലീസ് ക്യാംപ് ഹൗസിനു സമീപം ചെങ്കുത്തായ ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ 20 മീറ്റർ താഴ്ചയിലേക്കു മറിഞ്ഞ് അച്ഛനും മകൾക്കും ദാരുണാന്ത്യം ഉണ്ടായത് . തലക്കുളത്തൂർ പുറക്കാട്ടിരി ഫാത്തിമ മഹലിൽ അങ്ങാട്ടയിൽ റാഫി (57), മകൾ ഫാത്തിമ നഹ (19) എന്നിവരാണു മരിച്ചത്.

മങ്ങാട്ടുകണ്ടിപ്പറമ്പ് ഇറക്കത്തിലായിരുന്നു അപകടം. എം.ശിവൻ എന്നയാളുടെ വീട്ടുമതിലിനു മുകളിലെ കോൺക്രീറ്റ് തൂണുകളിൽ ഇരുമ്പു കമ്പികൾ ഘടിപ്പിച്ചുണ്ടാക്കിയ വേലി തകർത്ത് സ്കൂട്ടറടക്കം ഇരുവരും താഴേക്കു പതിക്കുകയായിരുന്നു. ഈ സമയത്തു വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ശബ്ദം കേട്ട് അയൽവാസികൾ വന്നു നോക്കിയപ്പോഴാണ് ഇവർ വീണുകിടക്കുന്നതു ശ്രദ്ധയിൽ പെട്ടത്. ഇരുവരുടെയും തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. തകർന്ന സ്കൂട്ടറും സമീപത്തുണ്ടായിരുന്നു. റാഫിയെയും ഫാത്തിമ നഹയെയും ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവസ്ഥലത്തു തന്നെ അന്ത്യം സംഭവിച്ചതായി പൊലീസ് അറിയിച്ചു.

മാലൂർകുന്ന് ഇറങ്ങിവരുമ്പോൾ റോഡിന്റെ ഇരുവശത്തും നാട്ടുകാർ വലിപ്പമേറിയ മുന്നറിയിപ്പു ബോർഡുകൾ വച്ചിട്ടുണ്ട്. പക്ഷേ ഇതു ശ്രദ്ധിക്കാതെ വരുന്ന ഇരുചക്രയാത്രക്കാർ വളവിലെത്തുമ്പോൾ മുന്നിലെ ഗർത്തം കണ്ട് ബ്രേക്കിടാൻ ശ്രമിക്കുന്നതാണ് പതിവ്. ഇതോടെ നിയന്ത്രണം വിട്ട് താഴേക്കു വീഴും.വളവിൽ ഒരുവശത്ത് അപകട വേലി നിർമിക്കാത്തതാണ് ഗുരുതരമായ അവസ്ഥയുണ്ടാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *