പാക്കിസ്ഥാനും ചൈനയ്ക്കും ‘പണികൊടുത്ത്’ യുഎസ്; മുഴുവൻ കശ്മീരും ഇന്ത്യയുടെ ഭാഗം,

ഇന്ത്യയും യുഎസും വ്യാപാര കരാറുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തിറക്കിയതിനു പിന്നാലെ, ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ ഭൂപടം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നതിനിടെ യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് പുറത്തുവിട്ട ഭൂപടത്തിൽ, പാക്ക് അധിനിവേശ കശ്മീർ ഉൾപ്പെടെയുള്ള ജമ്മു കശ്മീർ മുഴുവനായും ഇന്ത്യയുടെ ഭാഗമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന അക്സായ് ചിന്നും ഈ ഔദ്യോഗിക ഭൂപടത്തിൽ ഇന്ത്യയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. യുഎസിന്റെ ഈ നീക്കം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.

മുൻപ് യുഎസോ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റോ പുറത്തുവിട്ട ഭൂപടങ്ങളിൽ പാക്കിസ്ഥാന്റെ ആശങ്കകൾ കണക്കിലെടുത്ത് പാക്ക് അധിനിവേശ കശ്മീരിനെ വ്യക്തമായി വേർതിരിച്ച് രേഖപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ, ട്രംപ് ഭരണകൂടം പുറത്തിറക്കിയ ഏറ്റവും പുതിയ ഭൂപടം പാക്കിസ്ഥാന്റെ അവകാശവാദങ്ങളെ പാടേ തള്ളിക്കളയുന്നതാണ്.

ജമ്മു കശ്മീർ, ലഡാക്കിന്റെ ചില ഭാഗങ്ങൾ, ഗുജറാത്തിലെ ജുനഗഡ്, മാനവദർ, സർ ക്രീക്ക് എന്നിവ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് 2020ൽ പാക്കിസ്ഥാൻ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയിരുന്നു. ഇന്ത്യ ഈ നീക്കത്തെ രാഷ്ട്രീയ വിഡ്ഢിത്തം എന്ന് വിശേഷിപ്പിക്കുകയും, ഇന്ത്യൻ പ്രദേശങ്ങൾക്ക് മേലുള്ള ഇത്തരം അനാവശ്യ അവകാശവാദങ്ങളെ തള്ളിക്കളയുകയും ചെയ്തു.

ചൈനയും ഇന്ത്യൻ പ്രദേശങ്ങൾക്ക് മേൽ ആവർത്തിച്ച് അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റിൽ ചൈന പുറത്തിറക്കിയ പരിഷ്കരിച്ച ഭൂപടത്തിൽ ചൈന അരുണാചൽ പ്രദേശും, 1962ലെ യുദ്ധത്തിൽ ചൈന കൈക്കലാക്കിയ അക്സായ് ചിന്നും തങ്ങളുടെ ഭാഗമായി രേഖപ്പെടുത്തി.
ഇത്തരം നടപടികൾ നിലവിലെ യാഥാർഥ്യത്തിന് മാറ്റമുണ്ടാക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ ഈ അവകാശവാദങ്ങളെയും തള്ളിക്കളഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *