മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സേനയെയും സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതിനായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ അമേരിക്ക “ചെലവോ ശേഷിയോ” കുറച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, എന്നാൽ “ഇതുകൊണ്ട് എല്ലാം തടയാൻ കഴിയുമെന്ന് അർത്ഥമില്ല” എന്ന് സമ്മതിച്ചു.
ഇറാനിലെ മരണസംഖ്യ 1,000 കടന്ന ദിവസമാണ് പെന്റഗണിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം സംസാരിച്ചത്. ശ്രീലങ്കയ്ക്ക് സമീപം ടെഹ്‌റാന്റെ യുദ്ധക്കപ്പൽ യുഎസ് മുക്കിയതായും ഇതുവരെ ആറ് അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായും പെന്റഗൺ അറിയിച്ചു.
യുദ്ധത്തിന്റെ അഞ്ചാം ദിവസമായ ബുധനാഴ്ച, ചില ആക്രമണങ്ങൾ ഇപ്പോഴും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയേക്കാമെന്ന് ഹെഗ്‌സെത്ത് സമ്മതിച്ചു. എങ്കിലും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വ്യോമാതിർത്തിയിൽ യുഎസ് സൈനിക മേധാവിത്വം വേഗത്തിൽ നിയന്ത്രണം നേടുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. “ഞങ്ങൾ ആക്രമണത്തിലേക്ക് കടക്കുന്നതിന് മുമ്പ് പരമാവധി പ്രതിരോധവും സേനാ സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്” എന്ന് പെന്റഗൺ പറഞ്ഞു.
മേഖലയിൽ ഇനിയും ഡ്രോൺ അല്ലെങ്കിൽ മിസൈൽ ആക്രമണങ്ങൾ നാശനഷ്ടങ്ങൾക്കും സൈനികർക്ക് പരിക്കേൽക്കാനും കാരണമായേക്കാമെന്ന ഈ തുറന്നുപറച്ചിൽ, മാസങ്ങളോളം നീണ്ടുനിന്നേക്കാവുന്ന സംഘർഷത്തിൽ കൂടുതൽ അമേരിക്കൻ മരണങ്ങൾ ഉണ്ടായേക്കാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉന്നത പ്രതിരോധ നേതാക്കളും മുന്നറിയിപ്പ് നൽകുന്നതിനിടയിലാണ് പുറത്തുവരുന്നത്.
വിജയം ഉറപ്പാക്കാൻ ആവശ്യമായ സമയം എടുക്കും എന്ന് ഹെഗ്‌സെത്ത് പറഞ്ഞു. “ഇറാന് ഞങ്ങളെ അതിജീവിക്കാൻ കഴിയില്ല,” എന്ന് പീറ്റ് ഹെഗ്‌സെത്ത് കൂട്ടിച്ചേർത്തു.
ഇറാനെതിരായ സൈനിക നടപടിയിൽ യുഎസ് നിർണ്ണായകമായും വിനാശകരമായും ദയയില്ലാതെയും വിജയിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഹെഗ്സെത്ത് അവകാശപ്പെട്ടത്. യുദ്ധവിമാനങ്ങളും ബോംബറുകളും ഉൾപ്പെടെ കൂടുതൽ സേനകൾ മേഖലയിൽ എത്തുമെന്നും പീറ്റ് പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു ശത്രുവിനെതിരെയുള്ള ഇത്തരത്തിലുള്ള ആദ്യ ആക്രമണമെന്ന് വിശേഷിപ്പിച്ചുകൊണ്ട്, ചൊവ്വാഴ്ച രാത്രി യുഎസ് അന്തർവാഹിനി തൊടുത്ത ടോർപിഡോ ഒരു ഇറാനിയൻ യുദ്ധക്കപ്പലിനെ മുക്കിയതായി ഹെഗ്‌സെത്ത് വെളിപ്പെടുത്തി.
“അന്താരാഷ്ട്ര ജലാശയത്തിൽ തങ്ങൾ സുരക്ഷിതരാണെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പലിനെ ഒരു അമേരിക്കൻ അന്തർവാഹിനി മുക്കി,” എന്ന് പീറ്റ് പറഞ്ഞു. ഇറാന്റെ ഏറ്റവും പുതിയ യുദ്ധക്കപ്പലുകളിലൊന്നായ ഐആർഐഎസ് ദേന (IRIS Dena) ആണ് തകർന്നത്. കപ്പലിലുണ്ടായിരുന്ന 180 പേരിൽ 32 പേരെ തങ്ങളുടെ നാവികസേനയും വ്യോമസേനയും ചേർന്ന് രക്ഷപ്പെടുത്തിയതായി ശ്രീലങ്ക അറിയിച്ചു.
യുദ്ധം എട്ട് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന് പ്രതിരോധ സെക്രട്ടറി സൂചിപ്പിച്ചു. എന്നാൽ ദീർഘകാലം നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ ഇറാനെ പരാജയപ്പെടുത്താനുള്ള ആയുധങ്ങളും ഉപകരണങ്ങളും യുഎസിനുണ്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി സൂചിപ്പിച്ചു.
യുദ്ധം അവസാനിക്കാൻ കൃത്യമായ സമയപരിധി നിശ്ചയിച്ചില്ല. “ഇത് നാല് ആഴ്ചയാകാം, അല്ലെങ്കിൽ ആറോ എട്ടോ മൂന്നോ ആഴ്ചകളാകാം. ആത്യന്തികമായി യുദ്ധത്തിന്റെ വേഗത ഞങ്ങൾ തീരുമാനിക്കും. ശത്രു ഇപ്പോൾ പതർച്ചയിലാണ്, അവരെ ആ നിലയിൽ തന്നെ തുടരാൻ ഞങ്ങൾ അനുവദിക്കും,” ഹെഗ്‌സെത്ത് പറഞ്ഞു.
ഇറാനിയൻ ആകാശത്തിന്റെ നിയന്ത്രണം സുരക്ഷിതമാക്കിയ ശേഷം, അത്യാധുനിക ആയുധങ്ങളിൽ നിന്ന് ഗ്രാവിറ്റി ബോംബുകളിലേക്ക് മാറാനാണ് യുഎസ് സേനയുടെ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാഴ്ച മുമ്പാണ് യുഎസ്, ഇസ്രായേൽ ഉന്നത ഉദ്യോഗസ്ഥർ ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ തുടങ്ങിയതെന്ന് ഒരു ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാനിൽ ആയിരത്തിലധികം പേരും ലെബനനിൽ ഡസൻ കണക്കിന് ആളുകളും യുദ്ധത്തിൽ കൊല്ലപ്പെട്ടു. കൂടാതെ ലോകത്തെ എണ്ണ-വാതക വിതരണം തടസ്സപ്പെടുകയും പശ്ചിമേഷ്യയിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടക്കുകയുമാണ്.

