കാറിന്റെ ഇ.എം.ഐ തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഭാര്യയെ തീ കൊളുത്തി കൊന്ന് ഭർത്താവ്

പശ്ചിമ ബംഗാളിൽ കാറിന്‍റെ ഇ.എം.ഐ അടക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി. കൂച്ച് ബെഹാർ ജില്ലയിലെ ചന്ദ റോയിയാണ് (35) കൊല്ലപ്പെട്ടത്. ഭർത്താവ് രഞ്ജിത്ത് റോയിയും പൊള്ളലേറ്റു ആശുപത്രിയിൽ ആണ്.

ബുധനാഴ്ച രാത്രി ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ വെച്ചായിരുന്നു സംഭവം നടന്നത്. ചന്ദയും രഞ്ജിത്തും മൂന്നര വർഷമായി അപ്പാർട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നത്. രഞ്ജിത്ത് ഡ്രൈവറും ചന്ദ കൂച്ച് ബെഹാറിലെ എം.ജെ.എൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സുമായിരുന്നു. ഇവരുടെ ഏക മകൾ ഡാർജിലിങ്ങിലെ ബോർഡിങ് സ്‌കൂളിലാണ് പഠിക്കുന്നത്.

കാറിന്റെ ഇ.എം.ഐ അടക്കുന്നതിനെച്ചൊല്ലി ദമ്പതികൾ പതിവായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തർക്കത്തെത്തുടർന്ന് ഇരുവരും നേരത്തെ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. സംഭവ ദിവസവും ഇരുവരും ഇ.എം.ഐ അടക്കുന്നതിനെച്ചൊല്ലി തർക്കം ഉണ്ടായി. ഇതിനെ തുടർന്നാണ് രഞ്ജിത്ത് ചന്ദയെ തീ കൊളുത്തിയതെന്നാണ് നിഗമനം. തീ ആളിപ്പടരുന്നതിനിടെ ചന്ദ വീട്ടിൽ നിന്ന് പുറത്തേക്ക് ഓടിയിറങ്ങി. ഇത് കണ്ട നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ ചന്ദ മരിക്കുകയായിരുന്നു.

പൊള്ളലേറ്റു കഴിയുന്ന രഞ്ജിത്തിന്റെ ആരോഗ്യനില സാധാരണ നിലയിലായാൽ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. ചന്ദയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *