കൊല്ലം: “എന്‍റെ മകളുടെ ശരീരത്തിൽ 27 കുത്തുകളുണ്ടായിരുന്നു, എന്‍റെ മകൾ അനുഭവിച്ച വേദന അവൻ അനുഭവിക്കണം” കൊല്ലം സെഷൻസ് കോടതിയിൽ വൈകാരികമായി പ്രതികരിച്ച് ഡോ. വന്ദന ദാസിന്‍റെ മാതാവ് വസന്തരുമാരി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിലെ പ്രതി സന്ദീപിനെ ജീവപര്യന്തം തടവിനുശിക്ഷിച്ചുള്ള കോടതിവിധി കേട്ടശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുമ്പോൾ അവരുടെ കണ്ണുകൽ ഈറനണിഞ്ഞു, വാക്കുകൾ ഇടറി.
“വധശിക്ഷ എന്നതിനെക്കാളുപരി എന്‍റെ മകൾ അനുഭവിച്ച വേദന, ഭയം എല്ലാം പ്രതി അറിയണം. മകളുടെ ശരീരത്തിൽ ഏറ്റ 27കുത്തുകൾ, ഒരു കൈയും കാലും മാംസത്തോടുകൂടി അടർന്നുപോയ ശരീരം, കുത്തേറ്റ് പ്രാണ രക്ഷാർഥം ഓടിയപ്പോൾ മകളെ രക്ഷിക്കാൻ ആരും ഇല്ലായിരുന്നു. വിറകു കീറുന്നത് പോലെ മകളുടെ ശരീരം കുത്തിക്കീറിയത്, അങ്ങനെയുള്ള വേദയെല്ലാം അറിയുന്ന ശിക്ഷ അവന് കിട്ടണം. ഇത് നീതി ന്യാമയല്ലെ, നമുക്ക് ആഗ്രഹിക്കാൻ അല്ലേ പറ്റു. നിയമത്തിന് കൊടുക്കാൻ പറ്റുന്ന ശിക്ഷ ഇതായിരിക്കാം. എനിക്ക് അറിയില്ല. പ്രോസിക്യൂട്ടറുമായി ആലോചിച്ച് അടുത്ത നടപടി നോക്കാം”. വസന്തകുമാരി മാധ്യമങ്ങളോട് പറഞ്ഞു.
2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ചാണ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയായിരുന്ന വന്ദനാദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ഇന്റേൺഷിപ്പ് പരിശീലനത്തിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ഡോ. വന്ദന. പുലർച്ചെ 4:30 നാണ് സ്കൂൾ അധ്യാപകനായ സന്ദീപിനെ മദ്യലഹരിയിലായിൽ പൊലീസ് പിടികൂടി വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും ഡ്രസിങ് റൂമിലിരുന്ന് മറ്റൊരാളെയും സന്ദീപ് ആക്രമിക്കാൻ തുടങ്ങി. ഇത് കണ്ട് ഡോക്ടർ വന്ദന ഒഴികെ ചുറ്റുമുള്ളവരെല്ലാം ഓടിരക്ഷപ്പെട്ടു. തുടർന്ന് സന്ദീപ് ഡ്രസിങ് റൂമിൽ നിന്ന് കത്രിക എടുത്ത് ഡോക്ടർ വന്ദനയെ നിരന്തരം കുത്തുകയായിരുന്നു. വന്ദനയുടെ നെഞ്ചിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായി. ഉടൻ തന്നെ അവരെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് വർഷവും 10 മാസവും നീണ്ട നിയമപോരട്ടത്തിനൊടുവിലാണ് കേസിൽ വിധി വന്നിരിക്കുന്നത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചുമായിരുന്നു കേസ് അന്വേഷണം. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രതി സന്ദീപ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 307, 326, 324, 323, 341, 201 എന്നീ വകുപ്പുകൾപ്രകാരം കുറ്റം ചെയ്തതായി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.തനിക്ക് മാനസികവിഭ്രാന്തിയുണ്ടെന്ന വാദമുയർത്തി രക്ഷപ്പെടാനാണ് പ്രതി കോടതിയിൽ ശ്രമിച്ചിരുന്നത്. എന്നാൽ കേസന്വേഷണത്തിലും വിചാരണവേളയിലും അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പുലർത്തിയ നിതാന്തജാഗ്രതമൂലം പ്രതിഭാഗത്തിന്റെ നീക്കങ്ങൾ പൊളിയുകയായിരുന്നു. എന്നാൽ കേസ് അപൂർവങ്ങളിൽ അപൂർവമായി കാണണം എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചില്ല.

