ഹോർമുസിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണം; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച്  നരേന്ദ്ര മോദി

പശ്ചിമേഷ്യയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങളിൽ ഉൾപ്പെടെ നടക്കുന്ന ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പെസഷ്കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് മോദി പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ നിലപാടറിയിച്ചത്. ഫെബ്രുവരി 28ന് മേഖലയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന രണ്ടാമത്തെ സംഭാഷണമാണിത്. പെസഷ്കിയാനുമായി സംസാരിച്ചതായും ഈദ് ആശംസകൾ അറിയിച്ചതായും പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും സമൃദ്ധിയും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും മോദി പറഞ്ഞു.

ഹോർമുസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കപ്പൽപാതകൾ സജീവമാക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായതായി മോദി വ്യക്തമാക്കി. മേഖലയിൽ വർദ്ധിച്ചു വരുന്ന സംഘർഷങ്ങളിലും പൗരൻമാരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുന്നതിലും പ്രധാനമന്ത്രി ആശങ്ക അറിയിച്ചു. ഇറാനിലെ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇറാൻ സ്വീകരിച്ചുവരുന്ന നടപടിയിൽ ഇന്ത്യ സംതൃപ്തി പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *