കോഴിക്കോട്: മാർച്ച് 31ന് ബാങ്ക് വായ്പ കുടിശ്ശിക മുഴുവൻ അടച്ചുതീർക്കുമെന്ന് മുസ്‍ലിം ലീഗ് നേതാവ് എം.കെ. മുനീറിന്റെ കുടുംബം ഉറപ്പുനൽകിയതായി കാലിക്കറ്റ് ടൗൺ സർവിസ് സഹകരണ ബാങ്ക്. മാർച്ച് 31നകം വായ്പ തുക അടച്ചുതീർക്കാത്ത പക്ഷം വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് അധികൃതർ നോട്ടീസ് അയച്ചിരുന്നു.
എം.കെ. മുനീറിന്റെ കിഴക്കേ നടക്കാവിലെ ക്രസന്റ് ഹൗസ് എന്ന വീടാണ് ജപ്തി ഭീഷണി നേരിടുന്നത്. വീട് നവീകരണത്തിനായി ടൗൺ സർവിസ് സഹകരണ ബാങ്കിൽ നിന്ന് മുനീർ 35 ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി പലിശയടക്കം 58 ലക്ഷം രൂപയിലെത്തി. ഒരുതവണ ബാങ്ക് വായ്പ പുതുക്കി നൽകിയിരുന്നു. അതിനുശേഷം ഒരിക്കൽ പോലും തിരിച്ചടവ് ഉണ്ടായില്ല. ബാങ്ക് അധികൃതർ പലതവണ നോട്ടീസ് അയച്ചു.
ജപ്തി നോട്ടീസ് ലഭിച്ചതോടെ വായ്പ അടക്കാൻ മുനീറിന്റെ കുടുംബം സന്നദ്ധത അറിയിച്ചു. പരമാവധി ഇളവ് വേണമെന്നും ബാങ്ക് അധികൃതരോട് അഭ്യർഥിച്ചു. തുടർന്ന് വായ്പ കുടിശ്ശിക 58 ലക്ഷത്തിൽ നിന്ന് 49 ലക്ഷമായി കുറച്ചു. ആ തുക മാർച്ച് 31നകം അടച്ചുതീർക്കുമെന്നാണ് ഇപ്പോൾ ബാങ്കിന് ലഭിച്ചിരിക്കുന്ന ഉറപ്പ്.
‘വ്യക്തിപരമായ കാര്യങ്ങളിൽ പാർട്ടിയോട് സഹായം ചോദിക്കാറില്ല’
കോഴിക്കോട്: വീടിന്റെ ജപ്തി വ്യക്തിപരമായ കാര്യമാണെന്നും അത്തരം കാര്യങ്ങളിൽ പാർട്ടിയോട് സഹായം തേടാറില്ലെന്നും എം.കെ. മുനീർ എം.എൽ.എ. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ഭീഷണിയിലായ സംഭവത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വീട് പുനർനിർമിക്കുന്നതിന്റെ ഭാഗമായാണ് വായ്പ എടുത്തത്. വായ്പ വിചാരിച്ചപോലെ തിരിച്ചടക്കാൻ പറ്റിയില്ല. പ്രതീക്ഷിച്ച രീതിയിൽ സാമ്പത്തികമുണ്ടായില്ല. ജാഫർഖാൻ കോളനിയിലെ ഒരു വീട് വിറ്റ് ഒരു ഭാഗം അടച്ചു. ബാങ്ക് പരമാവധി സമയം നീട്ടിനൽകിയിരുന്നു. ഇനി വിൽക്കാനൊന്നുമില്ലാത്തതുകൊണ്ട് മറ്റ് മാർഗം നോക്കണം.
ആരെയും ദ്രോഹിച്ചിട്ടില്ല. എന്തെങ്കിലും മാർഗമുണ്ടാകും. വ്യക്തിപരമായ കാര്യങ്ങളിൽ പാർട്ടിയോട് സഹായം ചോദിക്കാറില്ല. നേതൃത്വം വിളിച്ചിരുന്നുവെന്നും ഓരോ വ്യക്തികളുടെയും ബാധ്യത പാർട്ടി ഏറ്റെടുക്കാൻ നിന്നാൽ ശരിയാവില്ലല്ലോയെന്നും മുനീർ കൂട്ടിച്ചേർത്തു. നേരത്തെ, മുനീറിന്റെ വീട് നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും കോഴിക്കോട് സൗത്ത് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ അഡ്വ. ഫൈസൽ ബാബു പറഞ്ഞിരുന്നു.

