രാഹുൽ ഗാന്ധി ബി.ജെ.പിയുടെ ബി ടീം; കാര്യവിവരമില്ലാത്ത നേതാവെന്ന് പിണറായി

കോഴിക്കോട് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രാദേശിക നേതാവിനുള്ള കാര്യവിവരം പോലും രാഹുൽ ഗാന്ധിക്കില്ലെന്നും ബി.ജെ.പിയുടെ ‘ബി ടീം’ ആയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. സി.പി.എം-ബി.ജെ.പി ഒത്തുകളി ഉണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഒരു കാര്യവും നേരെചൊവ്വേ മനസ്സിലാക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കില്ലെന്നും കണ്ടാലും കൊണ്ടാലും പഠിക്കാത്ത സ്വഭാവമാണ് അദ്ദേഹത്തിന്റേതും പിണറായി പറഞ്ഞു. കോൺഗ്രസിനെപ്പോലൊരു പാർട്ടിയുടെ ദേശീയ നേതാവിന് ഇത്രമാത്രം അധഃപതനം സംഭവിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല. രാഹുലിന്റെ സമീപനം പലപ്പോഴും ബിജെപിയെ സഹായിക്കുന്നതാണ്. ബി.ജെ.പിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന ഇടതുപക്ഷത്തെ ആക്ഷേപിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും പിണറായി കൂട്ടിച്ചേർത്തു.

കായംകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്ക്കെതിരെ നടന്ന ലൈംഗികാധിക്ഷേപത്തിലും പിണറായി ആഞ്ഞടിച്ചു. പൊതുരംഗത്തുള്ള സ്ത്രീകളെ അധിക്ഷേപിക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. കെ.സി. വേണുഗോപാൽ ഇരുന്ന വേദിയിലാണ് ഒരു വനിതാ നേതാവിനെതിരെ അങ്ങേയറ്റം മോശമായ പരാമർശം ഉണ്ടായത്. രാഷ്ട്രീയമായ വിമർശനങ്ങളിൽ എല്ലാ പാർട്ടികളും മാന്യതയും അന്തസ്സും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *