യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമിച്ച മൂന്നുപേരെ വെടിവച്ച് മലയാളി; ഒരാൾ മരിച്ചു

യുവതിയ്ക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമിച്ചവരെ വെടിവച്ച് മലയാളി. മഹാരാഷ്ട്ര താനെയിലെ മുംബ്രയിലാണ് സംഭവം. മലയാളിയായ ജയൻ ശിവാനന്ദൻ നായറാണ് വെടിവച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ മൂന്ന് പേരിൽ അക്ബ‌ർ അബ്ദുൾ ഷെയ്ഖ് എന്നയാൾ മരിച്ചു. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം നടന്നത്. യുവതിയെ മൂന്നുപേർ ചേർന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സുമൻ തായ് ചവാൻ ഹിന്ദി പ്രെെമറി സ്കൂളിന് മുന്നിൽ യുവതിയെ ശല്യം ചെയ്ത അക്രമികൾക്ക് നേരെ ജയൻ വെടിയുതിർക്കുകയായിരുന്നു. ഇന്നലെ രാവിലെ അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ അനു ഷെയ്ഖ് ഹിലയെന്ന യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു. കുറച്ച് നാളുകളായി ഇവർ യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു.

പല തവണ ലെെംഗിക അതിക്രമത്തിന് ശ്രമിച്ചു. താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാലാണ് യുവാക്കളെ വെടിവച്ചതെന്നാണ് ജയന്റെ പ്രതികരണം. നാടൻ തോക്കുപയോഗിച്ചാണ് വെടിവച്ചതെന്നാണ് വിവരം. ജയൻ കരസേനയിൽ സെെനികനായിരുന്നു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *