IPL 2026 : ഐപിഎൽ കളിക്കാൻ അനുവദിച്ചില്ല; കേസ് കൊടുത്ത് ആർസിബി താരം

ഐപിഎല്ലിൽ പങ്കെടുക്കാൻ അനുവദിക്കാത്തതിന് ക്രിക്കറ്റ് ബോർഡിനെതിരെ കോടതിയെ സമീപിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം. ആർസിബിയുടെ ശ്രീലങ്കൻ പേസറായ നുവാൻ തുഷാരയാണ് ശ്രീലങ്ക ക്രിക്കറ്റിനെതിരെ കോടതി സമീപിച്ചിരിക്കുന്നത്. ഐപിഎല്ലിൽ പങ്കെടുക്കുന്നതിനായി നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കേറ്റ് (എൻഒസി) നൽകാത്തതിനാലാണ് ആർസിബി താരം ശ്രീലങ്ക ക്രിക്കറ്റിൻ്റെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കേസ് നൽകിയിരിക്കുന്നത്. എസ്എൽസി നിർദേശിക്കുന്ന ഫിറ്റ്നെസ് കൈവരിക്കാത്തതുകൊണ്ടാണ് ലങ്കൻ താരത്തിന് എൻഒസി നിഷേധിച്ചത്. കേസിന് പുറമെ തുഷാര വിരമിക്കൽ ഭീഷിണിയും ബോർഡിനെതിരെ നടത്തിട്ടുണ്ട്.

ശ്രീലങ്ക ക്രിക്കറ്റിൻ്റെ പ്രസിഡൻ്റ് ഷമ്മി സിൽവാ, സെക്രട്ടറി ബൻഡുല ദിസ്സനായകെ, ട്രഷറർ സുജീവാ ഗോഡാലിയഡ്ഡാ, സിഇഒ ആഷ്ലി ഡി സിൽവ എന്നിവർക്കെതിരെ ലങ്കൻ ക്രിക്കറ്റ് താരം കോടതിയെ സമീപിച്ചിരിക്കുന്നത്. തൂഷാരയുടെ കേസ് ഏപ്രിൽ ഒമ്പതിന് കൊളംബോ ജില്ല കോടതി വാദം കേൾക്കും. മാർച്ച് 31ന് ലങ്കൻ ക്രിക്കറ്റുമായിട്ടുള്ള തൂഷാരയുടെ കരാർ അവസാനിച്ചിരുന്നു. ഇത് പുതുക്കേണ്ട ആവശ്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ് ലങ്കൻ പേസ് താരം. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഐപിഎല്ലിൻ്റെ ഭാഗമാകാൻ പേസ് താരം തയ്യാറെടുക്കുന്നത്.

മുൻ വർഷങ്ങളിലെ പോലെ തൻ്റെ ഫിറ്റ്നെസിൽ മാറ്റമില്ല, തൻ്റെ ഭാഗം കേൾക്കാതെയാണ് ലങ്കൻ ക്രിക്കറ്റ് ബോർഡ് നടപടി സ്വീകരിച്ചത്. തനിക്ക് നീതി ലഭിക്കാത്തത് കൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും തുഷാര പറഞ്ഞു. 1.6 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിൽ ആർസിബി നുവാൻ തുഷാരയെ സ്വന്തമാക്കുന്നത്. ആർസിബിക്കായി തുഷാര ഒരു മത്സരത്തിൽ കളിക്കുകയും ചെയ്തിരുന്നു. എൻഒസി ലഭിക്കാതെ വന്നത് തൻ്റെ അവസരങ്ങളും സാമ്പത്തികമായി നേട്ടം ഇല്ലതാക്കി പേസ് താരം കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *