പശ്ചിമേഷ്യൻ പ്രതിസന്ധി: രാജ്യം ഒറ്റക്കെട്ടായി നീങ്ങണമെന്ന് പ്രധാനമന്ത്രി; മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ‘ടീം ഇന്ത്യ’ ആഹ്വാനം

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയിലുണ്ടാക്കിയേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈകോർക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിമാരുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടുവെച്ചത്. പ്രതിസന്ധികളെ രാഷ്ട്രീയത്തിനതീതമായി കണ്ട് ‘ടീം ഇന്ത്യ’ എന്ന വികാരം മുൻനിർത്തി പ്രതിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്ത് ഊർജ്ജക്ഷാമം ഇല്ലെന്നും, ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടർത്തുന്ന ഊഹാപോഹങ്ങൾ തടയാൻ കർശന നടപടി വേണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

യുദ്ധത്തിന്റെ മറവിൽ വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിക്കാനുള്ള നീക്കങ്ങൾക്കെതിരെ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. കോവിഡ് കാലത്ത് നടപ്പിലാക്കിയതിന് സമാനമായ വിപണി ഇടപെടലുകൾ ആവശ്യമാണ്. പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണം. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തണമെന്നും കേന്ദ്രവുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ രാസവള ലഭ്യതയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കണമെന്നും മോദി വ്യക്തമാക്കി. ഭാവിയിൽ ഉണ്ടായേക്കാവുന്ന ഏത് പ്രതിസന്ധിയും മുൻകൂട്ടി കണ്ട് പദ്ധതികൾ ആവിഷ്കരിക്കണം. പെട്രോളിയം ഉൽപ്പന്നങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ ജൈവ ഇന്ധനങ്ങൾ, സൗരോർജ്ജം, ഗോബർധൻ സംരംഭം എന്നിവ പ്രോത്സാഹിപ്പിക്കണം. ഒപ്പം വീടുകളിലെ പി.എൻ.ജി (PNG) കണക്ഷനുകളുടെ വിപുലീകരണത്തിന് വേഗത കൂട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *