തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇന്ന് മുതല്‍ ഏപ്രില്‍ 15 വരെ, പാലക്കാട് 40 ഡിഗ്രി സെല്‍സ്യസ് വരെയും കൊല്ലത്ത് 39 വരെയും ചൂട് ഉയരാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍സ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ 36 ഡിഗ്രി സെല്‍സ്യസ് വരെയും താപനില ഉയരാനിടയുണ്ട്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ (മലയോര മേഖലകളിലൊഴികെ) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. പകല്‍ കഴിയുന്നതും നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

