‘പലതവണ ശാരീരിക ബന്ധം, നമസ്കരിക്കാനും ഹിജാബ് ധരിക്കാനും പരിശീലനം’; ടിസിഎസിലെ ലവ് ജിഹാദ് കൂടുതൽ വിവരങ്ങൾ പുറത്ത്

ലൈംഗിക പീഡന പരാതികളും ലവ് ജിഹാദ് ആരോപണങ്ങളുമുയര്‍ന്ന ടിസിഎസിലെ മോശം അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് യുവതി. ടിസിഎസില്‍ ജോലി ചെയ്തിരുന്ന കാലം ഏറ്റവും ഭയത്തോടെയാണ് താന്‍ ഓര്‍ത്തെടുക്കുന്നതെന്നും യുവതി പറയുന്നു. 20നും 25നും ഇടയില്‍ പ്രായമുള്ള യുവതികളെ ലക്ഷ്യമിട്ട് ചൂഷണം നടക്കുന്നതായി യുവതി സ്ഥിരീകരിക്കുന്നു.

ആറ് വര്‍ഷമായി ടിസിഎസില്‍ ജീവനക്കാരിയായ തന്നെ നാസിക് ഓഫീസിലേക്ക് മാറ്റിയ ശേഷം ആരോരുമില്ലാത്ത കെട്ടിടത്തിന്റെ ടെറസിലിരുത്തി ജോലി ചെയ്യിപ്പിച്ചെന്നും പ്രധാന കെട്ടിടത്തില്‍ നിന്നും മാറ്റിയെന്നും യുവതി പറയുന്നു. എന്‍ഡിടിവിയോടാണ് യുവതി ഈ തുറന്നുപറച്ചില്‍ നടത്തിയത്. ജോലിക്കിടെ ശുചിമുറിയില്‍ പോകാനോ മറ്റാവശ്യത്തിനോ താഴേക്ക് വന്നാല്‍ മൊബൈല്‍ ഫോണും ബാഗും പിടിച്ചെടുക്കുമെന്നും, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് ഈ നടപടിയെന്നും യുവതി പറയുന്നു.

20നും 25നും ഇടയില്‍ പ്രായമുള്ള യുവതികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പരാതി പറഞ്ഞാല്‍ എച്ച് ആര്‍ വിഭാഗത്തിനുപോലും ഭയമാണെന്നും യുവതി വെളിപ്പെടുത്തുന്നു. വാര്‍ത്തകള്‍ പുറത്തുവന്നതോടെ ജീവനക്കാരും കുടുംബങ്ങളും കടുത്ത ഭീതിയിലാണെന്നും നിലവില്‍ അന്വേഷണം നടക്കുന്നതിനാല്‍ വര്‍ക് ഫ്രം ഹോം അനുവദിച്ചെന്നും യുവതി പറയുന്നു.

ഹിന്ദു പെണ്‍കുട്ടികളെ കാമുകിമാരാക്കി വിവാഹം ചെയ്യാനും മതം മാറ്റാനും പ്രതികള്‍ ആവശ്യപ്പെട്ടതായി മറ്റൊരു ജീവനക്കാരന്‍ പറയുന്നു. 2021മുതല്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും എച്ച് ആര്‍ മാനേജര്‍ക്ക് പോലും ധനസഹായം ലഭിച്ചിട്ടുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.

നിലവില്‍ ടിസിഎസ് ബ്രാഞ്ചുമായി ബന്ധപ്പെട്ട് ഒമ്പത് പരാതികളാണ് നാസിക് പൊലീസ് അന്വേഷിക്കുന്നത്.  എട്ട് വനിതാ ജീവനക്കാരാണ് പരാതികൾ നല്‍കിയത്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാര്യങ്ങള്‍ ചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ എല്ലാ ജീവനക്കാരെയും ടിസിഎസ് സസ്‌പെൻഡ് ചെയ്തു.

വിവാഹ വാഗ്ദാനം നൽകി ഒരു പ്രതി ജീവനക്കാരിയുമായി പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും പരാതിയിലുണ്ട്. ബോഡി ഷെയിമിങ് ഉള്‍പ്പെടെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതായും പലരും പരാതിപ്പെടുന്നു. ലേഡി ക്യാപ്റ്റന്‍ എന്ന് വിളിക്കപ്പെടുന്ന നിദ ഖാന്‍ വനിതാ ജീവനക്കാരുമായി സൗഹൃദം സ്ഥാപിക്കുകയും നമസ്കരിക്കാനും ഹിജാബ് ധരിക്കാനും പരിശീലനം നല്‍കിയെന്നും പരാതികളുണ്ട്. അതേസമയം ഇത്തരം മോശം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുമെന്നും ടിസിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം മഹാരാഷ്ട്ര നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ ലൈംഗിക പീഡന പരാതികൾ അന്വേഷിക്കാൻ സമിതി രൂപീകരിച്ച് ദേശീയ വനിതാ കമ്മീഷൻ. വിരമിച്ച ബോംബെ ഹൈക്കോടതി ജസ്റ്റിസ് സാധന ജാദവിന്റെ നേതൃത്വത്തിലാണ് സമിതി. നാളെ ടിസിഎസ് ഓഫീസിലെത്തി സമിതി നേരിട്ട് അന്വേഷണം നടത്തും.  മേൽനോട്ട ചുമതലകളിലുള്ള മുതിർന്ന ജീവനക്കാർ വനിത ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ചു, നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചു തുടങ്ങിയവയാണ്  പരാതികൾ. കേസിൽ 7 പേരാണ് അറസ്റ്റിലായത്.  മാധ്യമ വാർത്തകൾ അടിസ്ഥാനമാക്കി ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *