ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ; സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് തേടി

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി. എസ്. ശ്രീജിത്തിന് നിർദേശം നൽകി.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി.ജി.-821 എന്ന ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്നുപറന്നത്. കൊടിമരത്തിന് ഉദ്ദേശം അഞ്ചുമീറ്റർ ഉയരത്തിൽവരെ താഴ്ന്നുപറന്നു. നാലുപേർ കോപ്റ്ററിലുണ്ടായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്നയാൾ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തി. 30 സെക്കൻഡോളം സന്നിധാനത്തിന് മുകളിലൂടെ പറന്നു.

ആദ്യമായിട്ടാണ് സന്നിധാനത്ത് ഹെലികോപ്റ്റർ ക്ഷേത്രത്തിന് വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്. അതിസുരക്ഷാമേഖലയാണ് ശബരിമല ക്ഷേത്രവും നിലയ്ക്കൽവരെയുള്ള പ്രദേശങ്ങളും. തീരസുരക്ഷാ സേനയുടെ ഹെലികോപ്റ്റർ എന്തിന് എത്തി എന്നതിനും ഉത്തരം കിട്ടേണ്ടതുണ്ട്. വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ പറക്കൽ നടത്താറുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ഹെലികോപ്റ്റർ എത്തിയതെന്നും പ്രതിരോധവകുപ്പിന്റെ കൊച്ചിയിലെ പി.ആർ.ഒ. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *