ലഹരിമരുന്നിന് അടിമയായ മകൻ സ്വന്തം അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി. കണ്ണൂർ പേരാവൂർ കൊളക്കാട് താന്നിക്കുന്നിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. കൊളക്കാട് താന്നിക്കുന്ന് മടത്തിപറമ്പിൽ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ ക്രിസ്റ്റി (25) പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകം നടന്നത്.
മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗമായിരുന്നു കൊല്ലപ്പെട്ട ഗീതമ്മ. ക്രിസ്റ്റി മയക്കുമരുന്നിനും കഞ്ചാവിനും സ്ഥിരമായി അടിമയായിരുന്നുവെന്ന് പോലീസ് പറയുന്നു. വീട്ടിൽ പണത്തെച്ചൊല്ലി അമ്മയും മകനും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇന്നലെ രാത്രിയും ഇത്തരത്തിൽ ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽ വെച്ച് കത്തി ഉപയോഗിച്ച് ക്രിസ്റ്റി അമ്മയുടെ കഴുത്തറുക്കുകയായിരുന്നു.കൊലപാതകത്തിന് ശേഷം അമ്മയുടെ മൃതദേഹത്തിന് സമീപം കുറച്ചുനേരം ഇരുന്ന ക്രിസ്റ്റി, പിന്നീട് അയൽവാസിയായ യുവാവിനെ വിളിച്ച് ബൈക്കിൽ പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു.
യാത്രാമധ്യേയാണ് താൻ അമ്മയെ കൊലപ്പെടുത്തിയ വിവരം ഇയാൾ അയൽവാസിയോട് വെളിപ്പെടുത്തിയത്. തുടർന്ന് കേളകം പൊലീസ് സ്റ്റേഷനിൽ എത്തി ഇയാൾ കീഴടങ്ങുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവസമയം ഗീതമ്മയുടെ ഭർത്താവ് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. വിവാഹിതയായ മകൾ ഭർത്താവിന്റെ വീട്ടിലായിരുന്നു. അയൽവാസികൾ വഴക്ക് പതിവായതിനാൽ ഇതൊരു കൊലപാതകത്തിൽ കലാശിക്കുമെന്ന് കരുതിയിരുന്നില്ല.

