പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ തീരസംരക്ഷണ സേന ഹെലികോപ്റ്റർ താഴ്ന്നു പറന്ന സംഭവത്തിൽ ഗുരുതര പിഴവാണ് സംഭവിച്ചതെന്ന് ശബരിമല നോഡൽ ഓഫിസർ എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഹൈകോടതി നിയോഗിച്ച സ്പെഷൽ കമീഷണർ ആവശ്യപ്പെട്ടതനുസരിച്ചാണ് ശ്രീജിത്ത് വെള്ളിയാഴ്ച രാത്രിയോടെ റിപ്പോർട്ട് സമർപ്പിച്ചത്.
സന്നിധാനത്തെ പല കെട്ടിടങ്ങളുടെയും മേൽക്കൂരക്ക് തൊട്ടടുത്ത് കൂടിയാണ് ഹെലികോപ്റ്റർ പറന്നതെന്നും ഇത് നാശനഷ്ടങ്ങൾക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അതിനാൽ സംഭവത്തിൽ വിശദ അന്വേഷണം വേണമെന്നാണ് റിപ്പോർട്ട് ശിപാർശ ചെയ്യുന്നത്.
ശബരിമലയും പരിസരവും സംസ്ഥാന സർക്കാർ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതാണ്. കാലാവസ്ഥാ വ്യതിയാനം കാരണം ഹെലികോപ്റ്റർ താഴ്ന്നു പറക്കേണ്ടിവന്ന സംഭവം പൊലീസിനെയോ ജില്ല ഭരണകൂടത്തെയോ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വിശദമായ അന്വേഷണത്തിന് പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് ചുമതല നൽകിയിട്ടുണ്ട്. സ്പെഷൽ കമീഷണർ ഉടൻ റിപ്പോർട്ട് ഹൈകോടതിക്ക് കൈമാറും.

