തൃശൂർ: പാൽവണ്ടിയിൽ കടത്തിക്കൊണ്ടുവന്ന രണ്ടരക്കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. ‘തൃശൂർ പൂരം കളറാക്കാൻ പൂത്തിരി’ എന്ന പ്രത്യേക കോഡിൽ ലഹരി വിൽപന നടത്തിയയാളാണ് പിടിയിലായത്.
കുന്നംകുളം കൊട്ടോൽ ദേശത്ത് പൊന്നനേംകാട് വീട്ടിൽ ഹബീബാണ് (25) പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് രണ്ടര കിലോ ഹാഷിഷ് ഓയിൽ കൂടാതെ 200 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ ‘പൂത്തിരി’ എന്ന പ്രത്യേക കോഡ് ഉപയോഗിച്ചായിരുന്നു വിൽപന.
കേരളത്തെ ഞെട്ടിച്ച് ദാരുണ കൊലപാതകം; ലഹരിക്ക് അടിമയായ മകൻ അമ്മയെ കഴുത്തറുത്തു കൊന്നു
ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്ന് മയക്കുമരുന്ന് നേരിട്ട് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ ‘പൂത്തിരി ഓണായിട്ടുണ്ട്’ എന്ന കോഡ് നൽകുന്നതോടെ ആവശ്യക്കാർ ഇയാൾക്ക് ഓർഡർ നൽകി തുടങ്ങും. ഓൺലൈനായി പണം സ്വീകരിച്ച ശേഷം മയക്കുമരുന്ന് വെള്ളം നനയാത്ത രീതിയിൽ പൊതിഞ്ഞ് സുരക്ഷിതമായി ഏതെങ്കിലും സ്ഥലത്ത് വെച്ച ശേഷം അതിന്റെ ഫോട്ടോയും ലൊക്കേഷനും അയച്ച് കൊടുക്കുന്നതായിരുന്നു ചില്ലറ വിൽപനയുടെ രീതി. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

