പാലക്കാട് രണ്ട് പേർക്ക് സൂര്യാതപമേറ്റു; സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

പാലക്കാട്: പാലക്കാട് രണ്ട് പേർക്ക് സൂര്യാതപമേറ്റു. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് സൂര്യതാപമേറ്റത്. ജയന് കഴുത്തിൽ ഉൾപ്പെടെ ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് പൊള്ളലേറ്റത്. ജയശ്രീ വാണിയംകുളത്ത് നിന്ന് തോട്ടക്കരയിലേക്ക് പോകുന്നതിനിടെയാണ് സൂര്യതാപമേറ്റത്.

ഇടുക്കി കട്ടപ്പനയിലും ഒരാൾക്ക് സൂര്യതാപമേറ്റു. 20 ഏക്കർ സ്വദേശി താഴത്തുവീട്ടിൽ അജീഷിനാണ് പൊള്ളലേറ്റത്. തടിപ്പണി ചെയ്യുന്നതിനിടെയാണ് സംഭവം. അജീഷ് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട കോന്നിയിലാണ് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. ഇവിടെ യു വി ഇന്‍ഡെക്‌സ് ഒമ്പത് രേഖപ്പെടുത്തിയപ്പോള്‍ കൊട്ടാരക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, മൂന്നാര്‍ എന്നിവിടങ്ങളില്‍ എട്ട് രേഖപ്പെടുത്തി. സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. പാലക്കാട് തൃത്താലയില്‍ യുവി ഇന്‍ഡെക്‌സ് ഏഴും എറണാകുളം കളമശ്ശേരി, മലപ്പുറം പൊന്നാനി, വയനാട് മാനന്തവാടി എന്നിവിടങ്ങളില്‍ യു വി ഇന്‍ഡക്‌സ് ആറും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *