ഡൽഹിയിലെ വിവേക് വിഹാറിൽ പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. നാലുനില കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കെട്ടിടത്തിലെ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കെട്ടിടത്തിൽ തീ പടർന്നത്. 3:45-ഓടെ വിവരമറിഞ്ഞെത്തിയ 14 ഫയർ യൂണിറ്റുകൾ മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ജനാലകളിലൂടെയും ബാൽക്കണിയിലൂടെയും ഇരുപതോളം പേരെ അഗ്നിശമന സേനാംഗങ്ങൾ സാഹസികമായി രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
എസി യൂണിറ്റ് പൊട്ടിത്തെറിക്കുന്ന വലിയ ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഷാഹ്ദര ഡിസിപി രാജേന്ദ്ര പ്രസാദ് മീനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.

