വിജയ് തമിഴ്‌നാട് കീഴടക്കുമ്പോൾ; പനയൂരിലെ വസതിയിൽ അധികാരക്കൈമാറ്റത്തിനുള്ള ഒരുക്കങ്ങൾ-സത്യപ്രതിജ്ഞ വെള്ളിയാഴ്ച ?

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തിയതോടെ, വിജയ്‌യെ കേന്ദ്രീകരിച്ച് പുതിയ രാഷ്ട്രീയ നീക്കങ്ങൾ സജീവമാവുകയാണ്. കേവല ഭൂരിപക്ഷത്തിന് നേരിയ കുറവുണ്ടായാൽ പിന്തുണ നൽകാൻ തയ്യാറാണെന്ന സൂചനയുമായി പ്രമുഖ പാർട്ടികൾ ടിവികെയെ സമീപിച്ചതായാണ് വിവരം.

കോൺഗ്രസ്, വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ), സിപിഐ, സിപിഎം പാർട്ടികളിലെ ഒരു വിഭാഗം നേതാക്കളും പിഎംകെയിലെ ചിലരും വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നിലവിലെ കണക്ക് അനുസരിച്ച് കോൺഗ്രസ് 5 സീറ്റുകൾ വരെയും സിപിഐയും സിപിഎമ്മും 2 സീറ്റുകൾ വീതവും നേടിയേക്കും. ചെറു കക്ഷികളുടെ പിന്തുണ ലഭിക്കുന്നതോടെ ടിവികെക്ക് സുഗമമായി സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

സത്യപ്രതിജ്ഞ വെള്ളിയാഴ്ച?
ഭരണമാറ്റത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. വരുന്ന വെള്ളിയാഴ്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നേക്കുമെന്ന് ടിവികെ നേതൃത്വവും സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള അനൗദ്യോഗിക ചർച്ചകളിൽ സൂചനയുണ്ട്. ഉദ്യോഗസ്ഥരുമായുള്ള ഏകോപനത്തിന് നേതൃത്വം നൽകുന്നത് വിജയ്‌യുടെ അടുത്ത വൃത്തങ്ങളാണ്.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും അഡീഷണൽ, ജോയിന്റ് കമ്മീഷണർമാരും വിജയ്‌യുടെ പനയൂരിലെ വസതിയിലെത്തി സുരക്ഷാ പ്രോട്ടോക്കോളുകൾ വിലയിരുത്തിയതായി ടിവികെ വൃത്തങ്ങൾ അറിയിച്ചു. അധികാര കൈമാറ്റത്തിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായും ഭൂരിപക്ഷം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതോടെ കൂടുതൽ ഉദ്യോഗസ്ഥർ ചുമതലയേൽക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെയോ രണ്ടാം നിര നേതാക്കളുടെയോ പിൻബലമില്ലാതെ വിജയ് നേടിയ വിജയം തമിഴ് രാഷ്ട്രീയ ചരിത്രത്തിലെ അവിശ്വസനീയമായ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *