ഔദ്യോഗിക വാഹനമുപേക്ഷിച്ച് പോലീസ്  എസ്കോർട്ടില്ലാതെ പിണറായി; ‘സിഎമ്മേ…’, ഉറക്കെ വിളിച്ച് മാധ്യമപ്രവർ‍ത്തകർ…

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയത്തിനു ശേഷം പിണറായി വിജയൻ തിരുവനന്തപുരത്ത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്.  ഔദ്യോഗിക വാഹനവും പൊലീസ് എസ്കോർട്ടും ഉപേക്ഷിച്ചായിരുന്നു കാവൽ മുഖ്യമന്ത്രിയുടെ യാത്ര എ.കെ.ജി സെന്‍ററിലെ വാഹനമാണ് പിണറായി വിജയനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത്. പൊലീസ് കൺട്രോൾ റൂമിൽനിന്നുള്ള പൈലറ്റ് വാഹനത്തിന്‍റെ അകമ്പടി മാത്രമണാണ് ഉണ്ടായിരുന്നത്. വി ശിവന്‍കുട്ടി, വി റോയ്, എ.എ റഹീം എന്നിവര്‍ പിണറായി വിജയനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി.

മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് പിണറായി കണ്ണൂർ വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിച്ചതും തിരുവനന്തപുരത്ത് വിമാനത്തിൽ നിന്നിറങ്ങി കാറിൽ കയറിയതും. ‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’ എന്ന് കണ്ണൂരിൽ മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അദ്ദേഹം മിണ്ടിയില്ല. തിരുവനന്തപുരത്ത് സിഎം, സിഎം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉറക്കെ വിളിച്ചെങ്കിലും മുഖ്യമന്ത്രി വാഹനത്തില്‍ കയറി പോകുകയായിരുന്നു.

കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടില്ല. ഇന്നലെ ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന് ശേഷം പിണറായിയിലെ വീട്ടിൽ തന്നെയായിരുന്നു അദ്ദേഹം. വാർത്താ സമ്മേളനവും ഒഴിവാക്കി. തലസ്ഥാനത്തെ പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് മുഖ്യമന്ത്രി രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിന് മുമ്പ് കണ്ണൂരിലും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാവുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *