തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശ വാദത്തിൽ നിന്ന് പിൻമാറാതെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർട്ടിയിലും സഭയിലും താൻ സീനിയറാണെന്നു പറഞ്ഞ അദ്ദേഹം എം.എൽ.എമാരുടെ ഭൂരിപക്ഷം ഘടകമാക്കേണ്ടതില്ലെന്ന് പരോക്ഷ അഭിപ്രായം മുന്നോട്ടുവെക്കുകയും ചെയ്തു. സഭാക ക്ഷിനേതാവിനെ കണ്ടെത്തുന്നതിൽ എം.എൽ.എമാരുടെ ഭൂരിപക്ഷം 2021ൽ ഘടകം ആയിരുന്നില്ല. ഭൂരിപക്ഷം ഉണ്ടായിട്ടും തന്നെ പ്രതിപക്ഷ നേതാവ് ആക്കിയില്ല. എന്നിട്ടും ഒരു എതിർപ്പും അറിയിച്ചില്ല. കരിയില അനങ്ങുന്ന ശബ്ദം പോലും ഉണ്ടാക്കിയില്ലെന്നും രമേശ് ചെന്നിത്തല സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2021ൽ തന്നെ ആരും മുഖ്യമന്ത്രിയായി പ്രൊജക്റ്റ് ചെയ്തിരുന്നില്ല. സീനിയൊരിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. തീരുമാനം അധ്യക്ഷന് വിടാം. അല്ലെങ്കിൽ എംഎൽഎമാരുടെ എണ്ണം നോക്കി തീരുമാനിക്കാം. മോശമല്ലാത്ത എംഎൽഎമാരുടെ പിന്തുണ കിട്ടും. സാധാരണ ഘടകക്ഷികളുടെ അഭ്രിപ്രായം ചോദിക്കാറില്ല. ചോദിക്കുന്നതിൽ തെറ്റില്ല. എല്ലാവരെയും മന്ത്രിയാക്കാൻ കഴിയില്ല. പാർട്ടി നീതിപൂർവമായ തീരുമാനം എടുക്കും. ഘടകകക്ഷികളുമായി തർക്കം ഉണ്ടാകില്ല.
ആരും ക്യാൻവാസിങ് നടത്തുന്നില്ല. ഇതുവരെ തല എണ്ണിയിട്ടില്ല. നെഹ്‌റു കുടുംബവുമായി നല്ല ബന്ധമാണുള്ളത്. അതേസമയം ജനം വാശിയോടെ പിണറായിക്ക് ബൈ ബൈ പറഞ്ഞെന്ന് രമേശ് ചെന്നിത്തല. യു.ഡി.എഫ് പോസിറ്റീവ് അജണ്ടക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. 80ന് മുകളിൽ സീറ്റ് എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. തരംഗം അളക്കാൻ കഴിഞ്ഞെന്നു വരില്ല. ഇപ്പോഴും റഷീദ് ആണ് ധർമടത്തെ യഥാർഥ എം.എൽ.എ എന്നാണ് ഞാൻ കരുതുന്നത്.
സമുദായ നേതാക്കൾ പറയുന്നതിന് അതേ രീതിയിൽ മറുപടി പറയേണ്ടതില്ല. അവർ പറയുന്നതിനോട് യോജിപ്പ് ഉണ്ടായിട്ടല്ല, യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാരുടെ വോട്ട് കിട്ടി സമുദായ സംഘടനകളെ തള്ളിക്കളയാൻ തയ്യാറല്ല. എല്ലാവരുടെയും വോട്ട് കിട്ടിയിട്ടുണ്ട്. അച്ചടക്കത്തോടെ പുതിയ കാഴ്ചപ്പാടോടെ ഭരിക്കേണ്ട ഉത്തരവാദിത്തമാണ് ഇപ്പോൾ ഉള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എംപിമാരെ മത്സരിപ്പിക്കേണ്ട എന്നത് കൂട്ടായ തീരുമാനമായിരുന്നു. എംപിമാരിൽ പ്രഗത്ഭർ ഉണ്ടായിരുന്നു. ഏതെങ്കിലും എംപി ഇങ്ങോട്ട് വരണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. പാർടിക്ക് സിസ്റ്റം ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

