വിസ്മയിപ്പിക്കാൻ ഓപ്പൺഎഐ; എഐ സ്മാർട്ട്ഫോൺ വരുന്നു

TEC NEWS:  തങ്ങളുടെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്മാർട്ട്ഫോണിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഓപ്പൺഎഐ വേഗത്തിലാക്കിയതായി റിപ്പോർട്ടുകൾ. 2027-ന്റെ ആദ്യ പകുതിയോടെ തന്നെ ആരംഭിച്ചേക്കാമെന്ന് ടിഎഫ് ഇന്റർനാഷണൽ സെക്യൂരിറ്റീസ് അനലിസ്റ്റ് മിങ്-ചി കുവോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ വെളിപ്പെടുത്തി. 2028 ഓടെ വൻതോതിൽ ഉൽപ്പാദനത്തിലേക്ക് കടക്കുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. മീഡിയടെക്, ക്വാൽകോം എന്നീ ചിപ്പ് നിർമ്മാതാക്കളുമായും ചൈനീസ് കമ്പനിയായ ലക്സ്‌ഷെയറുമായും ഓപ്പൺഎഐ ചർച്ചകൾ നടത്തിയിരുന്നുവെന്ന് കഴിഞ്ഞ മാസം കുവോ വ്യക്തമാക്കിയിരുന്നു.

മീഡിയടെക്കിനെയാണ് ഓപ്പൺഎഐ തങ്ങളുടെ സെമികണ്ടക്ടർ പങ്കാളിയായി തിരഞ്ഞെടുത്തിട്ടുണ്ടാകാമെന്നാണ്‌ ഏറ്റവും പുതിയ അപ്‌ഡേറ്റ് സൂചിപ്പിക്കുന്നത്. മീഡിയടെക്കിന്റെ വരാനിരിക്കുന്ന ‘ഡൈമെൻസിറ്റി 9600’ ചിപ്പിന്റെ പതിപ്പായിരിക്കും ഈ ഫോണിൽ ഉപയോഗിക്കുകയെന്ന് കുവോ അഭിപ്രായപ്പെട്ടു.

ടിഎസ്എംസിയുടെ അടുത്ത തലമുറ എൻ2പി പ്രോസസ് സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന ഡൈമെൻസിറ്റി 9600 ചിപ്പായിരിക്കും ഈ ഫോണിന്റെ സവിശേഷത. 2026-ന്റെ രണ്ടാം പകുതിയോടെ ഈ ചിപ്പ് വിപണിയിലെത്തിയേക്കും.

എഐ സേവനങ്ങൾക്ക് മുൻഗണന

പൂർണ്ണമായും എഐ സേവനങ്ങൾക്ക് മുൻഗണന നൽകുന്ന രീതിയിലായിരിക്കും ഈ ഫോണ്‍ നിര്‍മ്മിക്കുന്നത്‌. ഇമേജ് സിഗ്നൽ പ്രോസസ്സറാണ് ഇതിന്റെ പ്രധാന ഭാഗങ്ങളിലൊന്ന്. ഇമേജ് സിഗ്നൽ പ്രോസസ്സറിൽ മികച്ച എച്ച്ഡിആർ പൈപ്പ്‌ലൈൻ ഉൾപ്പെടുത്തും. ഇതുവഴി ദൃശ്യങ്ങൾ തത്സമയം നന്നായി മനസ്സിലാക്കാനും വിശകലനം ചെയ്യാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

എഐ വർക്ക്‌ലോഡുകൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി ഡ്യുവൽ-എൻപിയു സംവിധാനവും ഇതിലുണ്ടാകും. മികച്ച വേഗതയും സുഗമമായ പ്രവർത്തനവും ഉറപ്പാക്കാൻ അടുത്ത തലമുറ മെമ്മറി സാങ്കേതികവിദ്യകളായ എൽപിഡിഡിആർ6 റാം, യുഎഫ്എസ് 5.0 സ്റ്റോറേജ് എന്നിവയും ഇതില്‍ ഉപയോഗിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.

ഡാറ്റാ പരിരക്ഷയും സിസ്റ്റം സമഗ്രതയും മെച്ചപ്പെടുത്തുന്നതിനായി പി-കെവിഎം (പ്രൊട്ടക്ടഡ് വെര്‍ച്വലൈസേഷന്‍), ഇന്‍ലൈന്‍ ഹാഷിംഗ് തുടങ്ങിയ ഫീച്ചറുകളും പ്രതീക്ഷിക്കുന്നു. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന രീതിയിൽ തന്നെ വലിയ മാറ്റങ്ങൾ ഇത് കൊണ്ടുവരുമെന്ന് കരുതുന്നു.

ആപ്പുകൾ ഓരോന്നായി നേരിട്ട് തുറക്കുന്നതിന് പകരം, ഉപയോക്താവ് നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് എഐ ഏജന്റ് തന്നെ പശ്ചാത്തലത്തിൽ കാര്യങ്ങൾ ചെയ്തുതീർക്കുമെന്നാണ് റിപ്പോര്‍ട്ട്. ആപ്പ് ഐക്കണുകൾക്ക് പകരം ടാസ്ക്കുകൾക്ക് മുൻഗണന നൽകുന്ന രീതിയിലായിരിക്കും ഇന്റർഫേസ്.

ബുക്കിംഗുകൾ, റിമൈൻഡറുകൾ, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയുടെ വിവരങ്ങളും അവയുടെ പുരോഗതിയും ഉപയോക്താക്കൾക്ക് സ്ക്രീനിൽ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കുമെങ്കിലും ഉപയോക്താവ് അവ നേരിട്ട് പ്രവർത്തിപ്പിക്കേണ്ടി വരില്ലെന്നാണ് സൂചന.

ക്ലൗഡ് അധിഷ്ഠിത എഐയും ഡിവൈസിനുള്ളിലെ എഐയും സംയോജിപ്പിച്ചായിരിക്കും പ്രവർത്തനം. സങ്കീർണ്ണമായ കാര്യങ്ങൾക്ക് മാത്രമാകും ക്ലൗഡ് സംവിധാനങ്ങളെ ആശ്രയിക്കുന്നത്. ഫോണിന്റെ നിർമ്മാണം പ്രതീക്ഷിച്ച സമയത്ത് പൂർത്തിയായാൽ 2027-28 കാലയളവിൽ ഏകദേശം 3 കോടി യൂണിറ്റുകൾ വിറ്റഴിക്കപ്പെടുമെന്നാണ് കുവോയുടെ വിലയിരുത്തല്‍. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സോഫ്റ്റ്‌വെയറിലും ഹാർഡ്‌വെയറിലും ഒരേപോലെ നിയന്ത്രണം നേടിക്കൊണ്ട് മികച്ച എഐ അനുഭവം നൽകാനാണ് ഓപ്പൺഎഐ ലക്ഷ്യമിടുന്നതെന്ന് കുവോ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *