തിരുവനന്തപുരം: മലയാളി റാപ്പർ, വേടൻ എന്ന ഹിരൺദാസ് മുരളിയുമായി ബന്ധപ്പെട്ട പുലിപ്പല്ല് കേസിൽ സുപ്രധാന കണ്ടെത്തൽ. വേടന്റെ പക്കൽ നിന്ന് വനംവകുപ്പ് പിടിച്ചെടുത്ത മാലയിലെ പല്ല് യഥാർത്ഥ പുലിയുടേതു തന്നെയെന്ന് തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (FSL) നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. വനംവകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് വേടനെതിരെ ചുമത്തുക.
കഴിഞ്ഞ വർഷം തൃപ്പൂണിത്തുറയിലെ വേടന്റെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ 6 ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. തൃപ്പുണിത്തുറയ്ക്കടുത്ത് എരൂർ കണിയാമ്പുഴയിലുള്ള ഫ്ലാറ്റിൽ ഹിൽപാലസ് പൊലീസ് നടത്തിയ റെയ്‌ഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇതിനെത്തുടർന്നാണ് വേടന്റെ കഴുത്തിലെ പുലിപ്പല്ല് കെട്ടിയ മാല പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. ശേഷം വേടനെ കോടതിയിൽ ഹാജരാക്കി.
പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായിരുന്നതിനാൽ വേടനും കൂടയുള്ള ഒൻപത് പേർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു. ഇതിന് പിന്നാലെയാണ് വേടനെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
പുലിപ്പല്ല് തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകന്‍ സമ്മാനിച്ചതാണെന്ന് ആദ്യം വേടൻ വ്യക്തമാക്കിയിരുന്നു. വനം വകുപ്പ് കസ്റ്റഡിയിലെടുത്ത വേടനെ കോടനാട് റേഞ്ച് ഓഫിസ് പരിധിയിലെ മേയ്ക്കപ്പാല സ്റ്റേഷനിൽ കൊണ്ടുപോയി തെളിവെടുപ്പ് പൂർത്തിയാക്കുകയും ചെയ്തു. ഇതിനുശേഷമാണ് വനം വകുപ്പ് വേടനെ കോടതിയിൽ ഹാജരാക്കിയത്. പുലിപ്പല്ല് സമ്മാനമായി ലഭിച്ചതാണെന്ന് വാദം വേടൻ കോടതിയിൽ ആവർത്തിച്ചു. സമ്മാനം ലഭിച്ചപ്പോൾ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെന്നെങ്കിൽ സമ്മാനം നിരസിക്കുമായിരുന്നെന്നും വേടൻ കോടതിയിൽ പറഞ്ഞു.
കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നതിനിടയിലാണ് വേടൻ്റെ ഏറെ ശ്രദ്ധേയമായ ‘മൊണലോവ’ എന്ന ആൽബം റിലീസ് ചെയ്തത്. 2026 ഫെബ്രുവരി 24ന് വേടൻ എഴുത്തുകാരിയും തന്റെ സുഹൃത്തുമായിരുന്ന നവമിയെ വിവാഹം ചെയ്തു.

