ദുൽഖർ സൽമാന്‍റെ ‘നിസ്സാൻ പെട്രോൾ’ പിടിച്ചെടുത്ത് കസ്റ്റംസ്; ലക്കി ഭാസ്കറിൽ ഉപയോഗിച്ചത് ഈ വാഹനം

ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ ഒരു വാഹനംകൂടെ കസ്റ്റംസ് പിടിച്ചെടുത്തു. ലക്കി ഭാസ്‌കർ എന്ന ചിത്രത്തിൽ ഉപയോഗിച്ച നിസാൻ പട്രോൾ കാറാണ് പിടിച്ചെടുത്തത്. ഭൂട്ടാനിൽ നിന്ന് അനധികൃതമായി വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തുന്നതിനെതിരെയുള്ള കസ്റ്റംസിന്‍റെ ആക്ഷനാണ് ഓപ്പറേഷൻ നുംഖോർ.

കൊച്ചി കളമശ്ശേരിയിലുള്ള സിഗ്നേച്ചർ കാർസ് എന്ന ഷോറൂമിൽ നിന്നാണ് കാർ പിടിച്ചെടുത്തത്. ഭൂട്ടാൻ -നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് കടത്തിയതാണ് ഈ നിസാൻ പട്രോൾ എന്ന സംശയത്തിന്റെ പേരിലാണ് വാഹനം പിടികൂടിയത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും കസ്റ്റംസ് അറിയിച്ചു. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കഴിഞ്ഞദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏഴ് വാഹനങ്ങൾ പിടിച്ചെടുത്തുവെന്നും കസ്റ്റംസ് കൂട്ടിച്ചേർത്തു.

ഇതിനുമുമ്പും ദുൽഖറിന്‍റെ പല വാഹനങ്ങലും കസ്റ്റംസ് പിടിച്ചെടുത്തത് വലിയ വാർത്തയായിരുന്നു. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ലാൻഡ്‌റോവർ ഡിഫൻഡർ കസ്റ്റംസ് ദുൽഖറിന് തിരികെ നൽകിയിരുന്നു. വാഹനം തിരിച്ചുകിട്ടാനായി ദുൽഖർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശമനുസരിച്ച് ദുൽഖർ അപേക്ഷ നൽകിയതിനെ തുടർന്നാണ് കസ്റ്റംസ് വാഹനം വിട്ടുനൽകിയത്. എന്നാൽ ഈ ഡിഫൻഡർ കേസ് കഴിയുന്നത് വരെ നിരത്തിലിറക്കാൻ കഴിയില്ല. ബോണ്ടിന്റേയും 20 ശതമാനം ബാങ്ക് ഗ്യാരന്റിയുടേയും അടിസ്ഥാനത്തിലാണ് വാഹനം വിട്ടുനൽകിയത്.

ദുൽഖറിന്റെ കൈവശമുണ്ടായിരുന്നത് ഭൂട്ടാനിൽ നിന്ന് കടത്തികൊണ്ടുവന്ന വാഹനമാണെന്ന ബോധ്യത്തിന്റെയും അത്തരം ചില ഇന്റലിജൻസ് വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് വാഹനം പിടിച്ചെടുത്തതെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ, വ്യക്തികൾക്കെതിരേ തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അത് ശരിയായ നടപടിയല്ലെന്നുമാണ് കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞത്.

രേഖകൾ പരിശോധിക്കാതെയാണ് കസ്റ്റംസ് വാഹനം പിടിച്ചെടുത്തതെന്നും വാഹനം താൽക്കാലികമായി വിട്ടുനൽകണമെന്നുമായിരുന്നു ദുൽഖറിന്റെ വാദം. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗ്യാരന്റിയായി നൽകാമെന്ന് ഹൈക്കോടതിയെ ദുൽഖർ സൽമാൻ അറിയിച്ചിരുന്നു. എന്നാൽ, കസ്റ്റംസ് ഡ്യുട്ടി അടക്കാതെ വിദേശത്തുനിന്ന് കള്ളക്കടത്തായി കൊണ്ടുവന്നതെന്ന സംശയത്തെ തുടർന്നാണ് വാഹനം പിടിച്ചെടുത്തതെന്ന് കസ്റ്റംസും വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *