തൃശൂർ: തൃശൂരിൽ ആനയിടഞ്ഞു, കൊല്ലത്ത് നിന്നെത്തിച്ച ശിവൻ ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് പരിസരത്ത് പരിഭ്രാന്തി സൃഷ്ടിക്കുന്നത്. വിരണ്ട ആന അമ്മയും കുഞ്ഞും ഉണ്ടായിരുന്ന കാര്‍ കുത്തിമറിച്ചിട്ടു. പരുക്കുകൾ ഇല്ലാതെ ഇവർ രക്ഷപ്പെടുകയായിരുന്നു. മറ്റ് ഓട്ടോയും ബൈക്കും കാറും ആന തകർത്തു. എന്തിനാണ് ആനയെ ഇവിടെ എത്തിച്ചത് എന്ന കാര്യം വ്യക്തമല്ല. പട്ടിയെ കണ്ട് ഭയപ്പെട്ട് ഓടുകയായിരുന്നുവെന്നാണ് പാപ്പാൻ പറയുന്നത്.
ആനയെ തളക്കാൻ എലഫന്റ് സ്ക്വാഡ് സ്ഥലത്തെത്തുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ആന ശാന്തനായി. സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ആനയെ പ്രദേശത്തുനിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് ബി ഗോപാലാകൃഷ്ണൻ പറഞ്ഞു. ആന വരുത്തിവച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ജില്ലാ ഭരണകൂടം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ വീട്ടിന് മുന്നിൽ ജോലി ചെയ്യുന്ന നാല് പേരുടെ ബെെക്ക് തകർത്തെന്നും ബി ഗോപാലാകൃഷ്ണൻ പറഞ്ഞു.
ആന ഇടഞ്ഞ് ഏറെനേരമായിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പട്ടിയെ കണ്ട് ഭയപ്പെട്ടാണ് ആന ഓടിയതെന്നാണ് പാപ്പാൻ പറഞ്ഞത്. എന്നാൽ ആന ഇടയാൻ കാരണം പാപ്പന്റെ മർദ്ദനമാണെന്നും നാട്ടുകാർ പറയുന്നു. ആനയുടെ ചെവിയിലും നെറ്റിയിലും മുറിവേറ്റിട്ടുണ്ട്. സംഗീത എന്ന സ്ത്രീ സഞ്ചരിച്ചിരുന്ന കാറാണ് ആന നശിപ്പിച്ചത്.

