ഷാര്‍ജയില്‍ മലയാളി യുവതിയും മകളും മരിച്ച സംഭവത്തിൽ കേസ്

ഷാർജ: അൽ നഹ്ദയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവത്തിൽ പൊലീസ് ആത്മഹത്യയ്ക്ക് കേസെടുത്തു.

കണ്ണൂർ അഴീക്കോട് സ്വദേശി ആർഷ (35), മകൾ റുഹി (5) എന്നിവരെയാണ് താമസിക്കുന്ന ഫ്ലാറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തുടർനടപടികൾക്കായി അന്വേഷണച്ചുമതല പബ്ലിക് പ്രോസിക്യൂഷന് കൈമാറി

കഴിഞ്ഞ ബുധനാഴ്ചയാണ് ഷാർജയിലെ അൽ നഹ്ദയിൽ, കണ്ണൂർ അഴീക്കോട് പുതിയകാവ് സദേശി ആർഷയേയും ഏകമകൾ റൂഹിയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തില്‍ വാഹനാപകടമാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇവർ താമസിക്കുന്ന ഫ്ളാറ്റിന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഏതാനും വർഷമായി ഭർത്താവ് നിഹാലിനൊപ്പം ഷാർജയിലെ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്.

സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. ആർഷയുടെ സഹോദരിയും നിഹാലിന്റെ പിതാവും സഹോദരനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും ഷാർജയിലെ തൊട്ടടുത്ത ഫ്ലാറ്റുകളിൽ തന്നെയാണ് താമസിക്കുന്നത്. സംഭവത്തിൽ ഷാർജ പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി വിശദമായ അന്വേഷണം നടത്തിവരികയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *